കാല്‍ക്കീഴില്‍ 'ആകാശം'; ചരിത്രം രചിച്ച് വനിതകള്‍

ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച് ജസീക്ക മെയറും ക്രിസ്റ്റീന കോച്ചും
കാല്‍ക്കീഴില്‍ 'ആകാശം'; ചരിത്രം രചിച്ച് വനിതകള്‍


ന്യൂയോര്‍ക്ക്: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച് രണ്ട് വനിതകള്‍. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചും. വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇരുവരും. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ പവര്‍ കണ്‍ട്രോളര്‍ മാറ്റി സ്ഥാപിക്കാനായാണ് ഇരുവരും നിലയത്തിന് പുറത്തിറങ്ങിയത്.ഭൂമിയില്‍ നിന്ന് ഏകദേശം 408 കിലോമീറ്റര്‍ മുകളിലായാണു നിലയത്തിന്റെ പ്രവര്‍ത്തനം. ഈസ്‌റ്റേണ്‍ ഡേലൈറ്റ് ടൈം (ഇഡിടി) വെള്ളിയാഴ്ച രാവിലെ 7.50നായിരുന്നു ഇരുവരും നിലയത്തിനു പുറത്തിറങ്ങിയത്. അഞ്ചുമണിക്കൂര്‍ നീളുന്ന ദൗത്യം നാസ ലൈവായി യൂട്യൂബിലൂടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്

മെയറിന്റെ ആദ്യ ബഹിരാകാശ നടത്തമാണിതെങ്കില്‍ ക്രിസ്റ്റീന മുന്‍പ് മൂന്ന് വട്ടം ബഹിരാകാശത്ത് നടന്നിട്ടുണ്ട്. ഇതുവരെ 15 സ്ത്രീകളാണ് ബഹിരാകാശത്ത് നടന്നിട്ടുള്ളത്. എന്നാല്‍ അവര്‍ക്കൊപ്പം ഒരു ആണ്‍ ബഹിരാകാശ സഞ്ചാരിയും ഉണ്ടായിരുന്നു. മാര്‍ച്ച് എട്ടിനായിരുന്നു നാസ നടത്തിനായി പദ്ധതിയിട്ടിരുന്നത്. മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനമാണ്. എന്നാല്‍ യാത്രികരിലൊരാള്‍ക്ക് പാകമായ ബഹിരാകാശ വസ്ത്രം നിലയത്തില്‍ ഇല്ലാതെ വന്നതോടെ പദ്ധതി മാറ്റിവച്ചു.

അന്നത്തെ പദ്ധതി പ്രകാരം നടത്തത്തിനായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്ത്രീകളൊരാള്‍ ക്രിസ്റ്റീനയായിരുന്നു. ആന്‍ മക്ലൈയായിരുന്നു രണ്ടാമത്തെ വനിത. എന്നാല്‍ മക്ലൈന്‍ ജൂണില്‍ ഭൂമിയിലേക്ക് മടങ്ങിയതോടെ മെയിന്‍ പകരമെത്തുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ബാറ്ററി പാക്ക് മാറ്റിയതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പവര്‍ കണ്‍ട്രോളര്‍ പുനസ്ഥാപിക്കുന്നത്. ഒക്ടോബര്‍ 21 നായിരുന്നു പുറത്തിറങ്ങാനായി തീരുമാനിച്ചത്. എന്നാല്‍ ഇതിനിടെ പവര്‍ കണ്‍ട്രോളറുകളിലൊന്ന് തകരാറിലായി കണ്ടെത്തിയതോടെ പുറത്തിറങ്ങുന്നത് നേരത്തെയാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com