രാത്രിയില്‍ വീട് ഉപേക്ഷിച്ച് ഓടിയെന്ന് അര്‍ണോള്‍ഡ്; കലിഫോര്‍ണിയ കാട്ടുതീയില്‍ വലഞ്ഞ് ഹോളിവുഡ് താരങ്ങളും

അപകടത്തില്‍ നിന്നും രക്ഷപ്പെട്ടെന്ന് അര്‍ണോള്‍ഡിന്റെ മുന്‍ ഭാര്യ മരിയ ഷ്രിവറും ട്വീറ്റ് ചെയ്തിട്ടുണ്ട്.
രാത്രിയില്‍ വീട് ഉപേക്ഷിച്ച് ഓടിയെന്ന് അര്‍ണോള്‍ഡ്; കലിഫോര്‍ണിയ കാട്ടുതീയില്‍ വലഞ്ഞ് ഹോളിവുഡ് താരങ്ങളും

വാഷിങ്ടണ്‍: യുഎസിലെ ലൊസാഞ്ചല്‍സില്‍ നാശം വിതച്ച് കാട്ടുതീ. ആയിരക്കണക്കിന് വീടുകളാണ് കത്തിനശിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രിയുണ്ടായ കാറ്റിലും തീയിലും അമേരിക്കയിലെ പ്രശസ്തരുള്‍പ്പെടെയുള്ളവരുടെ വീടുകളും സ്വത്തുക്കളും കത്തിയമര്‍ന്നു. ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ വീടുപേക്ഷിച്ച് പലായനം ചെയ്യുകയാണ്. 

നടനും പ്രശസ്ത അമേരിക്കന്‍ ബോഡി ബില്‍ഡറും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന അര്‍ണോള്‍ഡ് സ്വാറ്റ്‌സെനെഗറും ലൊസാഞ്ചല്‍സില്‍ ആയിരുന്നു താമസിച്ചിരുന്നത്. അദ്ദേഹം പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് താരം വീടുപേക്ഷിച്ച് രക്ഷപ്പെട്ടത്. താനിപ്പോള്‍ സുരക്ഷിതനാണെന്നും അപകട സ്ഥലത്ത് ഇപ്പോഴും ആരെങ്കിലും താമസിക്കുന്നുണ്ടെങ്കില്‍ ഉടന്‍ രക്ഷപ്പെടണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അപകടത്തില്‍ നിന്നും രക്ഷപ്പെട്ടെന്ന് അര്‍ണോള്‍ഡിന്റെ മുന്‍ ഭാര്യ മരിയ ഷ്രിവറും ട്വീറ്റ് ചെയ്തിട്ടുണ്ട്. 'രക്ഷാപ്രവര്‍ത്തകര്‍ ഞങ്ങളെയെല്ലാവരെയും രക്ഷപ്പെടുത്തി. ഞങ്ങള്‍ക്കൊന്നുമില്ലാതായി, പക്ഷേ ഞങ്ങള്‍ സുരക്ഷിതരാണ്. ഞങ്ങളുടെ അയല്‍ക്കാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു'- മരിയ ട്വീറ്റ് ചെയ്തു.

ബാസ്‌ക്കറ്റ് ബോള്‍ സൂപ്പര്‍ താരം ലെബ്രോണ്‍ ജെയിംസ് അതിരാവിലെ തന്നെ ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം വീടുവിട്ടതായി അറിയിച്ചു. വീട് ഒഴിയുകയാണെന്നും കുടുംബത്തിനു താമസിക്കാന്‍ ഇടം അന്വേഷിക്കുകയാണെന്നും പുലര്‍ച്ചെ നാലു മണിക്ക് താരം ട്വിറ്ററില്‍ കുറിച്ചു. എട്ട് ബെഡ്‌റൂം ഉള്ള 23 ദശലക്ഷം ഡോളര്‍ മൂല്യമുള്ള വീടാണ് താരത്തിനു ബ്രെന്റ്‌വുഡിലുള്ളത്.

സിനിമാ താരങ്ങളായ ക്ലാര്‍ക് ഗ്രെഗ്, കുര്‍ത് സട്ടര്‍, റയാന്‍ ഫിലിപ്പ് എന്നിവരും വീടുവിട്ടുപോയതായി ട്വിറ്ററില്‍ അറിയിച്ചു. കലിഫോര്‍ണിയയിലെ സൊനോമ കൗണ്ടിയില്‍ 74,300 ഏക്കര്‍ ഭൂമിയാണു തിങ്കളാഴ്ച മാത്രം തീയില്‍ കത്തിനശിച്ചത്. സാക്രമന്റോയിലെ 66,200 ഏക്കര്‍ സ്ഥലവും കത്തിനശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com