ബഹിരാകാശത്തേക്ക് യുഎഇയുടെ ആദ്യ സഞ്ചാരി ഇന്ന് പുറപ്പെടും, യാത്ര സുഹൈല്‍ എന്ന പാവക്കുട്ടിക്കൊപ്പം

ഇന്ന് വൈകീട്ട് 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്ന് ഹസ്സ അല്‍ മന്‍സൂരി പുറപ്പെടും
ബഹിരാകാശത്തേക്ക് യുഎഇയുടെ ആദ്യ സഞ്ചാരി ഇന്ന് പുറപ്പെടും, യാത്ര സുഹൈല്‍ എന്ന പാവക്കുട്ടിക്കൊപ്പം

അബുദാബി: ബഹിരാകാശത്തേക്ക് തങ്ങളുടെ ആദ്യ സഞ്ചാരിയെ യുഎഇ ഇന്ന് അയക്കും. സുഹൈല്‍ എന്ന പാവക്കുട്ടിക്ക് ഒപ്പം ഇമറാത്തി പര്യവേക്ഷകനായ ഹസ്സ അല്‍ മന്‍സൂരിയാണ് ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. 

ഇന്ന് വൈകീട്ട് 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്ന് ഹസ്സ അല്‍ മന്‍സൂരി പുറപ്പെടും. റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ ജെസീക്ക മീര്‍ എന്നിവരാണ് മറ്റ് യാത്രക്കാര്‍. 

സോയുസ് എംഎസ് 15 എന്ന പേടകത്തിലാണ് യാത്ര. എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ വ്യക്തമാക്കി. യാത്രക്കാരുമായി ബഹിരാകാശത്തേക്ക് കുതിക്കുന്ന സോയുസ് എഫ്ജി റോക്കറ്റ് ബൈക്കന്നൂര്‍ കോസ്‌മോഡ്രോമിലെ ഒന്നാമത്തെ വിക്ഷേപണ തറയില്‍ എത്തിച്ചു. 

ആറ് മണിക്കൂര്‍ കൊണ്ട് ബഹിരാകാശ നിലയത്തില്‍ എത്താമെന്നാണ് കണക്കാക്കുന്നത്. എട്ട് ദിവസമാണ് സുഹൈയ്‌ലും, ഹസ അല്‍ മന്‍സൂരിയും ഇന്റര്‍നാഷണല്‍ സ്‌പേസ് സെന്ററില്‍ കഴിയുക. അഗസ്ത്യ നക്ഷത്രം എന്ന് അര്‍ധം വരുന്ന അറബ് പേരാണ് സുഹൈല്‍. അറബ് ലോകത്ത് നിന്ന് ആദ്യമായൊരാള്‍ ബഹിരാകാശത്ത് എത്തുന്നതിന്റെ പ്രതീകാത്മക സന്ദേശമായാണ് സുഹൈലിനെ അവര്‍ ഒപ്പം അയക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com