അസാഞ്ജിന്റെ അറസ്റ്റ്: പത്രസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട നിമിഷമെന്ന് സ്നോഡൻ 

വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ അറസ്റ്റ് ചെയ്തതിനെതിരെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനും സൈബര്‍ ആക്ടിവിസ്റ്റുമായ എഡ്വേഡ് സ്നോഡന്‍
അസാഞ്ജിന്റെ അറസ്റ്റ്: പത്രസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട നിമിഷമെന്ന് സ്നോഡൻ 

മോസ്‌കോ: വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ അറസ്റ്റ് ചെയ്തതിനെതിരെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനും സൈബര്‍ ആക്ടിവിസ്റ്റുമായ എഡ്വേഡ് സ്നോഡന്‍ രംഗത്ത്. ജൂലിയന്‍ അസാഞ്ജിന്റെ അറസ്റ്റ് പത്രസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട നിമിഷമാണെന്ന് സ്‌നോഡന്‍ അഭിപ്രായപ്പെട്ടു.

ഒരു പ്രസാധകനെ വലിച്ചിഴക്കാനായി ഇക്വഡോറിന്റെ അംബാസിഡര്‍ ബ്രിട്ടന്റെ രഹസ്യ പോലീസിനെ എംബസിയില്‍ കയറ്റിയ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മികച്ച പത്രപ്രവര്‍ത്തനമായി ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തും. അസാഞ്ജിന്റെ വിമര്‍ശകര്‍ ആഹ്ലാദിക്കുന്നുണ്ടാവും. പക്ഷെ ഇത് പത്രസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട നിമിഷങ്ങളാണെന്നും സ്‌നോഡന്‍ വ്യക്തമാക്കി.

അസാഞ്ജിനുള്ള സംരക്ഷണം പിന്‍വലിക്കാനുള്ള ഇക്വഡോറിന്റെ തീരുമാനത്തെ സ്‌നോഡന്‍ അപലപിച്ചിരുന്നു. അസാഞ്ജിന്റെ സ്വാതന്ത്ര്യത്തിനായി യുഎന്‍ സമീപകാലത്ത് വരെ ഇടപെടലുകള്‍ നടത്തിയിരുന്നെന്നും സ്‌നോഡന്‍ ചൂണ്ടിക്കാട്ടി. 

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെയും സിഐഎയുടെയും പ്രവര്‍ത്തനങ്ങളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റും ഇന്റര്‍നെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്നു എഡ്വേര്‍ഡ് ജോസഫ് സ്നോഡന്‍. മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, സ്‌കൈപ്പ്‌, യുട്യൂബ്, ആപ്പിള്‍ എന്നിവയടക്കം ഒന്‍പത് അമേരിക്കന്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുകൊണ്ടു വന്നത് സ്‌നോഡനായിരുന്നു. 

പ്രിസം എന്ന രഹസ്യനാമത്തിലായിരുന്നു ഈ പദ്ധതി അറിയപ്പെട്ടിരുന്നത്. അമേരിക്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യചോര്‍ച്ചയാണിതെന്നു കരുതപ്പെടുന്നു. തുടര്‍ന്ന് ഹോങ്കാങ്ങില്‍ അഭയം തേടിയ സ്നോഡനെ കൈമാറണമെന്ന് അമേരിക്ക ആവശ്യപ്പട്ടിരുന്നു. അതിനിടെ സ്നോഡന്‍ മോസ്‌കോയിലേക്ക് കടന്നു. റഷ്യയുടെ താല്‍ക്കാലിക അഭയത്തിലാണ് സ്‌നോഡനിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com