കിം ജോങ് ഉന്‍ റഷ്യയില്‍ ; അമേരിക്കയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുക ലക്ഷ്യം, പുടിനുമായി കൂടിക്കാഴ്ച നടത്തി

ദീര്‍ഘകാലമായി താന്‍ ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുകയാണെന്ന് കൂടി പുടിന്‍ വെളിപ്പെടുത്തിയതോടെ ഉന്‍ ക്ഷണം സ്വീകരിച്ച് എത്തുകയായിരുന്നു
കിം ജോങ് ഉന്‍ റഷ്യയില്‍ ; അമേരിക്കയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുക ലക്ഷ്യം, പുടിനുമായി കൂടിക്കാഴ്ച നടത്തി

വ്‌ളാദിവോസ്‌റ്റോക്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിനുമായുള്ള ചര്‍ച്ചകള്‍ക്കും സൗഹൃദ സംഭാഷണത്തിനുമായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ റഷ്യയിലെത്തി. റഷ്യയുടെ കിഴക്കന്‍ തുറമുഖ നഗരമായ വഌദിവോസ്‌റ്റോക്കിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. 

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടെയും തലവന്‍മാര്‍ തമ്മില്‍ കൂടിക്കാണുന്നത്. ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലുമായി 2011 ല്‍ ദിമിത്രി മൈദ്‌വെദവ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉടമ്പടികള്‍ ഒന്നും ഒപ്പുവയ്ക്കില്ലെന്നും തികച്ചും സൗഹൃദസന്ദര്‍ശനം മാത്രമാണിതെന്നും ഉന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കൊറിയന്‍ പ്രദേശത്തെ കാര്യങ്ങള്‍ പരിഹരിക്കുന്നതിനായുള്ള വിജയകരമായ ചര്‍ച്ചകളുണ്ടാകുമെന്ന് ഉന്‍ റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തികുയും ചെയ്തു.

രണ്ട് മാസത്തിന് മുമ്പ് വിയറ്റ്‌നാമില്‍ വച്ച് ട്രംപുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സാമ്പത്തിക ഉപരോധം ഉത്തര കൊറിയയെ പ്രതിസന്ധിയിലാക്കിയിരുന്നു. ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തി വയ്ക്കാതെ നിരോധനം നീക്കുന്ന പ്രശ്‌നമില്ലെന്നായിരുന്നു ട്രംപിന്റെ വാദം. ചര്‍ച്ച അലസിപ്പിരിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഉന്നിനെ റഷ്യന്‍ മണ്ണിലെത്തിച്ച് അമേരിക്കയ്ക്ക് തലവേദന ഉയര്‍ത്തുകയെന്ന നയതന്ത്ര നീക്കത്തിന് പുടിന്‍ തയ്യാറായത്. ദീര്‍ഘകാലമായി താന്‍ ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുകയാണെന്ന് കൂടി പുടിന്‍ വെളിപ്പെടുത്തിയതോടെ ഉന്‍ ക്ഷണം സ്വീകരിച്ച് എത്തുകയായിരുന്നു.  സാമ്പത്തിക ഉപരോധത്തെയും ഒറ്റപ്പെടലിനെയും റഷ്യന്‍ പിന്തുണയോടെ മറികടക്കാമെന്നാണ് ഉന്നിന്റെ കണക്കുകൂട്ടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com