ഭീകരരുടെ പേരും ഫോണ്‍ നമ്പറും ഒളിയിടങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട്‌എന്‍ഐഎ കൈമാറിയത് 10 ദിവസം മുമ്പ് ; ശ്രീലങ്കന്‍ സര്‍ക്കാരിന്റേത് ഗുരുതര വീഴ്ച

ക്രിസ്ത്യന്‍ പള്ളികളെയും ഇന്ത്യന്‍ ഹൈക്കമ്മീഷനെയും ലക്ഷ്യമിട്ടാവും ആക്രമണം ഉണ്ടാവുകയെന്ന വിവരവും ഇന്ത്യ അയല്‍രാജ്യമായ ശ്രീലങ്കയ്ക്ക് കൈമാറി
ഭീകരരുടെ പേരും ഫോണ്‍ നമ്പറും ഒളിയിടങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട്‌എന്‍ഐഎ കൈമാറിയത് 10 ദിവസം മുമ്പ് ; ശ്രീലങ്കന്‍ സര്‍ക്കാരിന്റേത് ഗുരുതര വീഴ്ച

കൊളംബോ: ശ്രീലങ്കയെ കണ്ണീര്‍ക്കളമാക്കിയ ഈസ്റ്റര്‍ സ്‌ഫോടനത്തെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി കൈമാറിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഭീകരരുടെ പേരും വിവരങ്ങളുമടക്കം ഏപ്രില്‍ 11 നാണ് എന്‍ഐഎ റിപ്പോര്‍ട്ട് കൈമാറിയത്. മൂന്ന് പേജുള്ള റിപ്പോര്‍ട്ടില്‍ നാഷണല്‍ തൗഹീത്ത് ജമാ അത്തിന്റെ പേരും അംഗങ്ങളുടെ പേരും ഫോണ്‍ നമ്പരും ഇവര്‍ ഒളിച്ച് താമസിക്കുന്ന ക്യാമ്പും സഹിതം വെളിപ്പെടുത്തിയിരുന്നു. ക്രിസ്ത്യന്‍ പള്ളികളെയും ഇന്ത്യന്‍ ഹൈക്കമ്മീഷനെയും ലക്ഷ്യമിട്ടാവും ആക്രമണം ഉണ്ടാവുകയെന്ന വിവരവും ഇന്ത്യ അയല്‍രാജ്യമായ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. 

ശക്തമായ രഹസ്യവിവരങ്ങള്‍ ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നത് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ത്യ വിവരം നല്‍കിയിരുന്ന വിവരം ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും വെളിപ്പെടുത്തിയിരുന്നു. സംഭവ സമയത്ത് താന്‍ രാജ്യത്തുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടും സുരക്ഷ ഒരുക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവച്ചൊഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തെങ്കിലും അതിനുള്ള തെളിവുകള്‍ പുറത്ത് വന്നിട്ടില്ല. 60 പേരെയാണ് സംഭവവുമായി ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്ത്രീയടക്കം ഒന്‍പത് പേരാണ് ചാവേര്‍ സംഘത്തില്‍ ഉണ്ടായിരുന്നത്.സ്‌ഫോടനങ്ങളില്‍ 359 പേര്‍ കൊല്ലപ്പെടുകയും 500 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com