കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം: ശ്രീലങ്കന്‍ പതാകയണിഞ്ഞ് ബുര്‍ജ് ഖലീഫ

ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയും യുഎഇ തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം: ശ്രീലങ്കന്‍ പതാകയണിഞ്ഞ് ബുര്‍ജ് ഖലീഫ

ദുബായ്: ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ശ്രീലങ്കയിലെ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ശ്രീലങ്കന്‍ ദേശീയ പതാകയുടെ വര്‍ണ്ണം നിറച്ചാണ് യുഎഇ ഇരകള്‍ക്കൊപ്പം നിന്നത്. 

ലോകത്തിലെ ഏറ്റവും വലിയ അംബരചുംബിയായ ബുര്‍ജ് ഖലീഫയില്‍ ലങ്കന്‍ പതാകയുടെ വര്‍ണ്ണത്തിനൊപ്പം തന്നെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം എന്ന സന്ദേശം കുറിച്ചുമാണ് ലങ്കയോടൊപ്പമാണ് തങ്ങളെന്ന് യുഎഇ ലോകത്തെ അറിയിച്ചത്. 

ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയും യുഎഇ തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. 'ശ്രീലങ്കയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുര്‍ജ് ഖലീഫയില്‍ ലൈറ്റ് തെളിയിച്ചു' ഇങ്ങനെയായിരുന്നു ട്വീറ്റ്. 

കഴിഞ്ഞ ദിവസം അബൂദബിയില്‍ പ്രസിഡന്‍ഷ്യല്‍ പാലസ്, അബൂദബി നാഷനല്‍ ഓയില്‍ കമ്പനി ആസ്ഥാനം എന്നിവയും ലങ്കന്‍ പതാകയുടെ നിറങ്ങളുള്ള പ്രകാശങ്ങള്‍ തെളിച്ചിരുന്നു. യുഎഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തുമും അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനുമാണ് അതിക്രമത്തെ അപലപിച്ച് ആദ്യം രംഗത്തു വന്ന ലോകനേതാക്കള്‍.

ശ്രീലങ്കയില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നക്ഷത്ര ഹോട്ടലുകളിലുമായാണ് ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. സ്‌ഫോടന പരമ്പരയില്‍ 359ല്‍ ഏറെ പേരാണ് കൊല്ലപ്പെട്ടത്. 

സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവേറുകളായ രണ്ട് യുവാക്കളുടെ പിതാവായ കോടീശ്വരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. 76 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാദേശിക തീവ്ര ഇസ്‌ലാമിക് സംഘടനയായ നാഷണല്‍ തൗഹീദ് ജമാ അത്തിലെ (എന്‍ടിജെ) അംഗങ്ങളായ ഒന്‍പത് ചാവേറുകളാണ് സ്‌ഫോടനം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com