'ഇന്ത്യയുമായി ഇനി ഒരിക്കലും ചര്‍ച്ചയ്ക്കില്ല'; നിലപാട് വ്യക്തമാക്കി ഇമ്രാന്‍ ഖാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd August 2019 05:27 AM  |  

Last Updated: 23rd August 2019 05:27 AM  |   A+A-   |  

imran-1


ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ഇനി ഒരിക്കലും ചര്‍ച്ചയ്ക്കു തയാറാകില്ലെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധാന ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ തയാറായിട്ടും ഇന്ത്യ സമാധാനശ്രമങ്ങള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുകയാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. തനിക്ക് പറ്റാവുന്നതെല്ലാം ചെയ്‌തെന്നും ഇതില്‍ കൂടുതലൊന്നും തങ്ങളുടെ ഭാഗത്തുനിന്ന് ചെയ്യാനാവില്ലെന്നുമാണ് ന്യൂ യോര്‍ക്ക് ടൈംസിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

സമാധാന ചര്‍ച്ചകള്‍ക്ക് തയാറാണെന്നു പലതവണ പാക്കിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചതാണ്. എന്നാല്‍ പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുത്ത ശേഷം മതി ചര്‍ച്ച എന്നായിരുന്നു ഇന്ത്യയുടെ വാദമെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തിയതു കൊണ്ട് കാര്യമില്ല. ഞങ്ങള്‍ എല്ലാതരത്തിലുള്ള ചര്‍ച്ചകളും നടത്തി. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍, സമാധാന ചര്‍ച്ചകള്‍ക്കായി ഞാന്‍ എടുത്ത ശ്രമങ്ങളെല്ലാം അവര്‍ വെറും പ്രീണിപ്പെടുത്തലായാണ് എടുത്തത്.' ഇമ്രാന്‍ പറഞ്ഞു. തനിക്ക് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനാവില്ല. രണ്ടു ആണവ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ ഭിന്നത നിലനില്‍ക്കുന്നത് ആശങ്ക ഉളവാക്കുന്നതാണെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇമ്രാന്റെ ആരോപണങ്ങള്‍ യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രീങ്കാല തള്ളി. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞതിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.