ഒടുവില്‍ നടപടിയെടുത്ത് ബ്രസീല്‍, ആമസോണ്‍ കാടുകളില്‍ തീയണയ്ക്കാന്‍ സൈന്യമെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th August 2019 12:09 AM  |  

Last Updated: 25th August 2019 12:10 AM  |   A+A-   |  

amazon123

 

സാവോപോളോ: ആമസോണ്‍ മഴക്കാടുകളില്‍ പടര്‍ന്നു പിടക്കുന്ന തീ ലോകത്തെ ആശങ്കയിലാക്കുന്നതിന് ഇടയില്‍ തീ അണയ്ക്കാന്‍ ബ്രസീല്‍ സൈന്യത്തെ അയച്ചു. അഗ്നി പടര്‍ന്ന മേഖലകളില്‍ ബ്രസീല്‍ സൈന്യത്തെ വിന്യസിച്ചു. 

മഴക്കാടുകള്‍ കത്തിയമരുമ്പോള്‍ ലോകത്ത് നിന്നുയരുന്ന പ്രതിഷേധം ശക്തമായതോടെയാണ് ബ്രസീല്‍ നടപടി എടുത്തിരിക്കുന്നത്. വന നശീകരണത്തിന് കൂട്ടുനില്‍ക്കുന്നു എന്ന ആരോപണം നേരിടുന്ന ബ്രസീല്‍ പ്രസിഡന്റ് ജയ് ര്‍ ബൊള്‍സൊനാരോയാണ് സൈന്യത്തെ വിന്യസിച്ചത്. 

കൂടുതല്‍ മേഖലകളിലേക്ക് തീ പടരുമ്പോഴും നടപടി എടുക്കാന്‍ തയ്യാറാവാതിരുന്ന ബ്രസീലിനെതിരെ ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ബ്രസീലുമായി നേരത്തെ ധാരണയിലെത്തിയ വ്യാപാര കരാര്‍ നടപ്പിലാക്കില്ലെന്നായിരുന്നു ഫ്രാന്‍സിന്റെ ഭീഷണി. 

അന്താരാഷ്ട്ര ദുരന്തമെന്നായിരുന്നു ജര്‍മന്‍ ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ പ്രതികരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും സമ്മര്‍ദ്ദം ശക്തമായതോടെയാണ് തീ അണയ്ക്കാന്‍ സൈന്യത്തെ വിന്യസിക്കുകയാണെന്ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ബ്രസീല്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത്.