ബ്രിട്ടനിൽ കൺസർവേറ്റീവ് മുന്നേറ്റം ; ലേബർ പാർട്ടിക്ക് വൻ തിരിച്ചടി; ജെറമി കോർബിൻ രാജിവെച്ചു

ബ്രിട്ടന്റെയും ബ്രെക്‌സിറ്റിന്റെയും ഭാവിനിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് കഴിഞ്ഞദിവസം നടന്നത്
ബ്രിട്ടനിൽ കൺസർവേറ്റീവ് മുന്നേറ്റം ; ലേബർ പാർട്ടിക്ക് വൻ തിരിച്ചടി; ജെറമി കോർബിൻ രാജിവെച്ചു

ലണ്ടന്‍: ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് മുന്നേറ്റം. ആകെയുള്ള 650 സീറ്റിൽ ഫലം പ്രഖ്യാപിച്ച 441 സീറ്റിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി 236 സീറ്റ് നേടി മുന്നേറ്റം തുടരുകയാണ്. പിന്നിലുള്ള ലേബർ പാർട്ടിക്ക് 160 സീറ്റുകളാണ് ലഭിച്ചത്. മറ്റുള്ളവർ 53 സീറ്റിലും വിജയിച്ചതായാണ് റിപ്പോർട്ട്. വോട്ടെണ്ണൽ പുരോ​ഗമിക്കുകയാണ്.

ബ്രിട്ടന്റെയും ബ്രെക്‌സിറ്റിന്റെയും ഭാവിനിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് കഴിഞ്ഞദിവസം നടന്നത്.  ബോറിസ് ജോണ്‍സണെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതോടെ  2020 ജനുവരി 31-നുതന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് പോകാന്‍ വഴിയൊരുങ്ങും. സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്തുള്ളത്. ആകെയുള്ള 650 സീറ്റുകളില്‍ 326 സീറ്റുകളാണ് വിജയിക്കാന്‍ വേണ്ടത്.

എക്‌സിറ്റ് പോളുകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. 357 സീറ്റുകള്‍ വരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് പ്രവചനം. ലേബര്‍ പാര്‍ട്ടി ശക്തികേന്ദ്രങ്ങളടക്കം പിടിച്ചെടുത്താണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നേറ്റം തുടരുന്നത്. ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂവായിരത്തിലേറെ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, പ്രതിപക്ഷനേതാവ് ജെറെമി കോര്‍ബിന്‍, ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണ്‍ എന്നിവരാണ് പ്രധാനമന്ത്രിസ്ഥാനത്തിനായി ഏറ്റുമുട്ടിയത്. ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണ്‍ 149 വോട്ടിന് തോറ്റു.  വൻ തിരിച്ചടി നേരിട്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ രാജിവെച്ചു.  2016-ല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോകാന്‍ ഹിതപരിശോധനയിലൂടെ തീരുമാനിച്ചതിനുശേഷം നടക്കുന്ന മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പാണിത്. നേരത്തേയുള്ള കരാര്‍പ്രകാരം ഒക്ടോബര്‍ 31-ന് ബ്രെക്‌സിറ്റ് കരാറില്‍ സമവായത്തിലെത്താന്‍ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com