സൗദിയില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടിയെ ഇരുകൈകളും നീട്ടി സ്വീകരിച്ച് കാനഡ

ഇനി ഒരിക്കലും സൗദിയിലേക്ക് പോകില്ലെന്നും നിര്‍ബന്ധിച്ച് തിരിച്ചയച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നും യുവതി തായ് പൊലീസിനോട് പറഞ്ഞിരുന്നു.
സൗദിയില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടിയെ ഇരുകൈകളും നീട്ടി സ്വീകരിച്ച് കാനഡ

വീട്ടുകാരുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് കാണിച്ച് നാടുവിട്ട സൗദി പെണ്‍കുട്ടിക്ക് കാനഡയില്‍ വന്‍ സ്വീകരണം. ടൊറന്റോ വിമാനത്താവളത്തിലെത്തിയ കൗമാരക്കാരിക്ക് കാനഡ അഭയം നല്‍കി. ജനപ്രിയയായ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ആണ് റഹാഫ് മുഹമ്മദ് അല്‍ ഖാനൂന്‍ എന്ന 18കാരിയെ സ്വീകരിക്കാനെത്തിയത്. 

ക്രിസ്റ്റിയ ആലിംഗനം ചെയ്താണ് റഹാഫിനെ സ്വീകരിച്ചത്. 'കാനഡ' എന്ന് എഴുതിയ സ്വെറ്റ്ഷര്‍ട്ട് ഇട്ടായിരുന്നു റഹാഫ് കാനഡയിലെത്തിയത്. 'വളരെ തന്റേടിയായ പുതിയ കാനഡക്കാരി' എന്ന് പറഞ്ഞ് ക്രിസ്റ്റിയ, റഹാഫിനെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയായിരുന്നു.  ഒരാളെ നമുക്ക് രക്ഷിക്കാന്‍ കഴിയുമെങ്കില്‍, ഒരു സത്രീയെ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് വളരെ നല്ല കാര്യമാണെന്നും ക്രിസ്റ്റിയ കൂട്ടിച്ചേര്‍ത്തു. 

ഇനി ഒരിക്കലും സൗദിയിലേക്ക് പോകില്ലെന്നും നിര്‍ബന്ധിച്ച് തിരിച്ചയച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നും യുവതി തായ് പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് യുഎന്‍ ഇടപെട്ടത്. കാനഡ അഭയം നല്‍കാമെന്ന് പറയുകയും ചെയ്തു.  തൊട്ടുപിന്നാലെ ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തില്‍ യുവതി കാനഡയിലെത്തി. 

കുടുംബത്തോടൊപ്പം കുവൈത്തിലെത്തിയപ്പോഴായിരുന്നു ഫഫാഫ് ആരുമറിയാതെ തായ്‌ലന്‍ഡിലേക്ക് കടന്നത്. ഓസ്‌ട്രേലിയയിലേക്ക് കടക്കാനായിരുന്നു നീക്കം. എന്നാല്‍ തായ് പൊലീസ് ബാങ്കോക്ക് വിമാനത്താവളത്തില്‍ വച്ച് പെണ്‍കുട്ടിയെ തടഞ്ഞു. 

ബാങ്കോക്കിലെ ഹോട്ടലില്‍ കയറി വാതിലടച്ച യുവതി, തന്നെ സൗദിയിലേക്ക് തിരിച്ചയക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. കുടുംബം തന്നെ കൊല്ലുമെന്നാണ് യുവതി പറഞ്ഞത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി സംഭവത്തിന് വന്‍ പ്രചാരം ലഭിച്ചു. ഇതോടെയാണ് യുഎന്നും മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ ഇടപെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com