ഫെയ്‌സ്ബുക്ക് സുഹൃത്തായ പതിമൂന്നുകാരനെ പീഡിപ്പിച്ചു; 27 കാരന് അഞ്ച് വര്‍ഷം തടവ്

ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോള്‍ പ്രതി വാഹനം നിര്‍ത്തുകയും ബാലനെ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ നീക്കിയ ശേഷം രണ്ടു പേരുടെ മുന്നില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് മൊഴി
ഫെയ്‌സ്ബുക്ക് സുഹൃത്തായ പതിമൂന്നുകാരനെ പീഡിപ്പിച്ചു; 27 കാരന് അഞ്ച് വര്‍ഷം തടവ്

ദുബായ്:  ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പതിമൂന്നുകാരനായ ബാലനെ പീഡിപ്പിച്ച കേസില്‍ 27 കാരന് ശിക്ഷ വിധിച്ചു. പാക്കിസ്ഥാന്‍ പൗരന് അഞ്ചുവര്‍ഷം തടവും, ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനുമാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാക് സ്വദേശിയായ ബാലന്‍ പ്രതിക്കും രണ്ടു കൂട്ടുകാര്‍ക്കും ഒപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

കേസിനെ കുറിച്ച് 13കാരന്‍ കോടതിയില്‍ നല്‍കിയ മൊഴി ഇങ്ങനെ. 'അല്‍ മുറാഖാബാദ് ഭാഗത്തെ പള്ളിയില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയ്ക്കുശേഷം പുറത്ത് നില്‍ക്കുമ്പോഴാണ് ഫെയ്‌സ്ബുക്ക് സുഹൃത്തായ പ്രതി കാറുമായി എത്തിയത്. മൂന്നു പേര്‍ കാറിനുള്ളില്‍ ഉണ്ടായിരുന്നു. ഫെയ്‌സ്ബുക്ക് വഴി പരിചയമുള്ള ആളെ കണ്ടപ്പോള്‍ കാറില്‍ ഒരു യാത്ര പോകാമെന്നു ഇയാള്‍ ക്ഷണിച്ചു. ഇവര്‍ക്കൊപ്പം പോവുകയും പിസ കഴിക്കുകയും ചെയ്തു. തുടര്‍ന്ന് അല്‍ അവീര്‍ ഭാഗത്തേക്ക് പോയി'- ബാലന്‍ പറഞ്ഞു.

ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോള്‍ പ്രതി വാഹനം നിര്‍ത്തുകയും ബാലനെ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ നീക്കിയ ശേഷം രണ്ടു പേരുടെ മുന്നില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് മൊഴി. സംഭവത്തിനുശേഷം ബാലനെ വീടിനു സമീപം ഇറക്കി വിടുകയും ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ബാലന്‍ മാതാവിനോട് കാര്യം പറയുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരുടെ വിചാരണയും കോടതിയില്‍ നടന്നു.

27 വയസ്സുള്ള പാക്ക് പ്രതിക്കെതിരെ മാനഭംഗ കുറ്റമാണ് ചുമത്തിയത്. 32 വയസ്സുള്ള രണ്ടാം പ്രതി കുട്ടിയെ ചൂഷണം ചെയ്തുവെന്നും ചുംബിച്ചുവെന്നുമാണ് കുറ്റം. ഇയാള്‍ക്ക് മൂന്നു മാസം ജയില്‍ ശിക്ഷ വിധിച്ചു. ഇതിനുശേഷം നാടുകടത്താനും ഉത്തരവിട്ടു. പ്രതികള്‍ എല്ലാവരും കോടതിയില്‍ കുറ്റം നിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com