പരസ്യമായി കുഞ്ഞിന് മുലയൂട്ടി ; യുവതിയെ സ്വിമ്മിംഗ് പൂളില്‍ നിന്ന് പുറത്താക്കി, പ്രതിഷേധം

10 മാസം പ്രായമുള്ള മകന്‍, നാലുവയസ്സുള്ള മൂത്തമകന്‍, അതേ പ്രായമുള്ള അനന്തരവന്‍ എന്നിവര്‍ക്കൊപ്പമാണ് മിസ്റ്റി നീന്തല്‍ക്കുളത്തിലെത്തിയത്
പരസ്യമായി കുഞ്ഞിന് മുലയൂട്ടി ; യുവതിയെ സ്വിമ്മിംഗ് പൂളില്‍ നിന്ന് പുറത്താക്കി, പ്രതിഷേധം

ടെക്‌സാസ്: പരസ്യമായി മുലയൂട്ടി എന്നാരോപിച്ച് യുവതിയെയും കുഞ്ഞിനെയും അപമാനിക്കുകയും സ്വിമ്മിംഗ്പൂളില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ടെക്‌സാസ് നഗര കാര്യാലയത്തിന് കീഴിലുള്ള നെസ്സ്‌ലെര്‍ പാര്‍ക് ഫാമിലി അക്വാട്ടിക് സെന്ററിലാണ് സംഭവം. മിസ്റ്റി ഡഗറൂ എന്ന യുവതിക്കാണ് അപമാനം നേരിടേണ്ടി വന്നത്. 

32കാരിയായ മിസ്റ്റി, 10 മാസം പ്രായമുള്ള മകന്‍, നാലുവയസ്സുള്ള മൂത്തമകന്‍, അതേ പ്രായമുള്ള അനന്തരവന്‍ എന്നിവര്‍ക്കൊപ്പമാണ് ഞായറാഴ്ച നീന്തല്‍ക്കുളത്തിലെത്തിയത്. നീന്തുന്നതിനിടെ അല്‍പ്പസമയം കഴിഞ്ഞപ്പോല്‍ കുഞ്ഞിന് വിശക്കുന്നതായി തോന്നിയതോടെ, മിസ്സി നീന്തല്‍ക്കുളത്തിന് സമീപത്തിരുന്ന് കുട്ടിയെ മുലയൂട്ടി. നീന്തല്‍ വേഷത്തില്‍ തന്നെയായിരുന്നു കുട്ടിക്ക് പാല്‍ കൊടുത്തത്. 

അതിനിടെ സ്ഥലത്തെത്തിയ പൂള്‍ ജീവനക്കാര്‍ യുവതിയോട് അവിടം വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. പരസ്യമായി കുട്ടിക്ക് മുല കൊടുത്തത് അനുവദിക്കാന്‍ കഴിയില്ല എന്നുപറഞ്ഞായിരുന്നു ജീവനക്കാര്‍ ആവശ്യമുയര്‍ത്തിയത്. ഇതിനിടെ സ്ഥലത്തെത്തിയ പൂള്‍ മാനേജരും പരസ്യമായി മുലയൂട്ടിയത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. മിസ്റ്റി തന്റെ ശരീരം മറയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ തന്റെ കുഞ്ഞിനെ മുലയൂട്ടാന്‍ ആരുടേയും സമ്മതം ആവശ്യമില്ല എന്നായിരുന്നു മിസ്റ്റി വാദിച്ചത്. ഇവര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ പൊലീസുകാര്‍ സ്ഥലത്തെത്തി. ഇവരും ജീവനക്കാരുടെ വാദത്തെ പിന്തുണച്ച് മിസ്റ്റിയോട് കൂട്ടികളെയും കൂട്ടി പൂളിന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ നിലപാട് ഞെട്ടലും അപമാനവും ഉണ്ടാക്കിയെന്ന് യുവതി പറഞ്ഞു. 

സംഭവം വിവാദമായതോടെ, മിസ്റ്റിക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേരെത്തി. ചില സ്ത്രീകള്‍ പ്രതിഷേധ സൂചകമായി നീന്തല്‍ കുളത്തിനടുത്ത് വച്ച് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കൂട്ടം ചേര്‍ന്ന് മുലയൂട്ടാനും പദ്ധതിയിട്ടിട്ടുണ്ട്. 'ഇത് ആള്‍ക്കാരുടെ ചിന്താഗതിയില്‍ ഒരു മാറ്റം കൊണ്ടുവരുമെന്ന് ഞാന്‍ കരുതുന്നു. കുഞ്ഞിന് മുലയൂട്ടുന്നതിലൂടെ സ്ത്രീ ശക്തയാകുകയാണെന്നും, അവരെ നാണം കെടുത്താന്‍ പാടില്ലെന്നും അവര്‍ മനസിലാക്കണം.' പ്രതിഷേധത്തെ സ്വാഗതം ചെയ്തുകൊണ്ട് മിസ്റ്റി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com