'എന്റെ ഭാഗ്യ ദിനം': വിമാനത്താവളത്തിലെത്താൻ രണ്ട് മിനിറ്റ് വൈകി, ജീവൻ തിരിച്ചുകിട്ടി

'ഞാന്‍ എത്തിയപ്പോള്‍ ബോര്‍ഡിങ് ക്ലോസ് ചെയ്തിരുന്നു. വിമാനത്തില്‍ കയറാനായി ഞാന്‍ അവിടെക്കിടന്ന് അലറിയെങ്കിലും അധികൃതര്‍ എന്നെ അനുവദിച്ചില്ല'
'എന്റെ ഭാഗ്യ ദിനം': വിമാനത്താവളത്തിലെത്താൻ രണ്ട് മിനിറ്റ് വൈകി, ജീവൻ തിരിച്ചുകിട്ടി

അഡിസ് അബാബ: 157പേരുടെ ജീവനെടുത്ത എത്യോപ്യന്‍ വിമാന ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഗ്രീക്കുകാരനായ അന്റോണിസ് മാവ്‌റോപൗലോസ് രക്ഷപെട്ടത്. വിമാനത്താവളത്തിലെത്താന്‍ രണ്ട് മിനിറ്റ് വൈകിയതാണ് വലിയ ദുരന്തത്തില്‍ നിന്ന് ഇദ്ദേഹത്തെ രക്ഷപെടുത്തിയത്. 

നോണ്‍ പ്രോഫിറ്റ് സ്ഥാപനമായ ഇന്റര്‍നാഷണല്‍ സോളിഡ് വെയിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് അന്റോണിസ്. കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയില്‍ യുഎന്‍ എന്‍വൈയണ്‍മെന്റ് അസബ്ലിയില്‍ പങ്കെടുക്കാനായിരുന്നു യാത്ര. ‘എന്റെ ഭാഗ്യ ദിനം’ എന്ന് കുറിച്ചുകൊണ്ട് അദ്ദേഹം തന്നെയാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയതും. 

പറന്നുയര്‍ന്ന് ആറ് മിനിറ്റിനുള്ളിലാണ് അഡിസ് അബാബയില്‍നിന്ന് നെയ്‌റോബിയിലേക്കു തിരിച്ച ബോയിങ് 737 മാക്‌സ് 8 വിമാനം തകര്‍ന്നുവീണത്. 'കൃത്യസമയത്ത് ഗേറ്റില്‍ എത്താന്‍ ആരും എന്നെ സഹായിക്കാതിരുന്നതുകൊണ്ട് ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ഞാന്‍. രണ്ട് മിനിറ്റ് വൈകിയത് കൊണ്ടുമാത്രമാണ് എനിക്ക് വിമാനം കിട്ടാതെപോയത്. ഞാന്‍ എത്തിയപ്പോള്‍ ബോര്‍ഡിങ് ക്ലോസ് ചെയ്തിരുന്നു. വിമാനത്തില്‍ കയറാനായി ഞാന്‍ അവിടെക്കിടന്ന് അലറിയെങ്കിലും അധികൃതര്‍ എന്നെ അനുവദിച്ചില്ല', അന്റോണിസ് ഫേസ്ബുക്കില്‍ കുറിച്ചു.

പിന്നീട് മറ്റൊരു ഫ്‌ലൈറ്റ് ബുക്ക് ചെയ്ത് യാത്രചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ് അപകടവാര്‍ത്ത എത്തിയത്. താന്‍ മാത്രമായിരുന്നു വിമാനത്തില്‍ പ്രവേശിക്കാതിരുന്ന ഏക യാത്രക്കാരനെന്നും അന്റോണിസ് പറഞ്ഞു.

ബിഷോപ്ടു നഗരത്തിനു സമീപത്തെ ടുളു ഫരയിലാണ് വിമാനം തകര്‍ന്നുവീണത്. 149 യാത്രക്കാരും എട്ടു ജീവനക്കാരും ഉള്‍പ്പെടെ‌ വിമാനത്തിലുണ്ടായിരുന്ന 157 പേരും അപകടത്തിൽ മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com