ലങ്കയില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ കേരളത്തിലുമെത്തി ; പരിശീലനത്തിനെന്ന് സംശയം ; വെളിപ്പെടുത്തലുമായി ലങ്കന്‍ സൈനികമേധാവി

സ്‌ഫോടനങ്ങളില്‍ രാജ്യത്തിന് പുറത്തുള്ള ചില സംഘടനകളുടെ സഹായങ്ങളും കിട്ടിയിട്ടുണ്ടെന്നും, അതിന്റെ തെളിവ് ലഭിച്ചതായും സേനാനായകെ പറഞ്ഞു
ലങ്കയില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ കേരളത്തിലുമെത്തി ; പരിശീലനത്തിനെന്ന് സംശയം ; വെളിപ്പെടുത്തലുമായി ലങ്കന്‍ സൈനികമേധാവി

കൊളംബോ : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര നടത്തിയ ഭീകരര്‍ കേരളത്തില്‍ എത്തിയിരുന്നതായി ലങ്കന്‍ കരസേന മേധാവി വ്യക്തമാക്കി. കേരളത്തിന് പുറമെ കശ്മീര്‍, ബംഗളൂരു എന്നിവിടങ്ങളിലും ഭീകരര്‍ സന്ദര്‍ശം നടത്തിയിരുന്നതായി ലങ്കന്‍ സേനാമേധാവി ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായകെ പറഞ്ഞു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലങ്കന്‍ സേനമേധാവിയുടെ വെളിപ്പെടുത്തല്‍.

ഇതാദ്യമായാണ് ഭീകരരുടെ കേരള ബന്ധം ലങ്കന്‍ സൈന്യം സ്ഥിരീകരിക്കുന്നത്. കേരളത്തില്‍ ഭീകരര്‍ പോയത് ആക്രമണവുമായി ബന്ധപ്പെട്ട പരിശീലത്തിനാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു. സ്‌ഫോടനങ്ങളില്‍ രാജ്യത്തിന് പുറത്തുള്ള ചില സംഘടനകളുടെ സഹായങ്ങളും കിട്ടിയിട്ടുണ്ടെന്നും, അതിന്റെ തെളിവ് ലഭിച്ചതായും സേനാനായകെ പറഞ്ഞു. 

ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്തിയത് ലങ്കന്‍ സ്വദേശികളാണെങ്കിലും, ഭീകരരുടെ സന്ദര്‍ശനങ്ങളും സ്‌ഫോടനം നടത്തിയ രീതികളുമെല്ലാം, മറ്റ് ചില നേതൃത്വങ്ങളുടെ നിര്‍ദേശവും പങ്കാളിത്തവും വ്യക്തമാക്കുന്നതാണെന്ന് ലങ്കന്‍ സേനാമേധിവി പറഞ്ഞു. ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

എന്നാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിലും വിവരം കൈമാറുന്നതിലും രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനത്തിന് വീഴ്ച സംഭവിച്ചതായി മഹേഷ് സേനാനായകെ സമ്മതിച്ചു. മിലിട്ടറി ഇന്റലിജസ് ഒരു വഴിക്കും പൊലീസ് അടക്കമുള്ള മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വേറെ വഴിക്കും എന്ന നിലയിലാണ് ലങ്കയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്കിടയിലെ അകല്‍ച്ചയാണ് വിവരങ്ങള്‍ യഥാസമയം കൈമാറാതിരുന്നതിന് പിന്നിലെ കാരണം.

എന്നാല്‍ ഇതുസംബന്ധിച്ച് പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കേണ്ട സമയമല്ല ഇത്. രാജ്യസുരക്ഷ സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചാല്‍ പരസ്പരം കൈമാറാനും, വേണ്ട കരുതല്‍ നടപടി സ്വീകരിക്കാനും രാഷ്ട്രീയ നേതൃത്വത്തിന് അടക്കം ഉത്തരവാദിത്തമുണ്ടെന്നാണ് സേനാമേധാവി എന്ന നിലയില്‍ താന്‍ കരുതുന്നത്. 

പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തരയുദ്ധം അവസാനിച്ച ലങ്ക ഇപ്പോള്‍ ശാന്തിയും സമാധാനത്തോടെയുമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി രാജ്യത്ത് വളരെ സ്വാതന്ത്ര്യവും സമാധാനവുമാണ് ഉള്ളത്. അതാകാം ഭീകരര്‍ ലങ്കയെ ലക്ഷ്യമിടാന്‍ കാരണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ലങ്കന്‍ സേനാമേധാവി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com