അണുബോംബ് ശേഖരം ഇരട്ടിയാക്കാന്‍ പാകിസ്ഥാന്‍; രാസ, ജൈവ ആയുധങ്ങളും വാങ്ങിക്കൂട്ടുന്നു

പാകിസ്ഥാന്റെ പക്കല്‍ ഇപ്പോള്‍ 130 മുതല്‍ 140 വരെ ആണവ ആയുധങ്ങള്‍ ഉണ്ടെന്നാണ് ജര്‍മന്‍ ഏജന്‍സിയുടെ കണക്ക്. 2025 ഓടെ ഇത് 250 എണ്ണമാക്കാനാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട്
പാകിസ്ഥാന്റെ ഷഹീന്‍ 3 മിസൈല്‍ (ഫയല്‍)
പാകിസ്ഥാന്റെ ഷഹീന്‍ 3 മിസൈല്‍ (ഫയല്‍)

ന്യൂഡല്‍ഹി: ആണവ, രാസ, ജൈവ ആയുധങ്ങള്‍ക്കായുള്ള സാങ്കേതിക വിദ്യ കൈവശപ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ വര്‍ധിച്ചതായി ജര്‍മന്‍ സര്‍ക്കാരിന്റെ ഇന്റലിജന്‍സ് വിഭാഗം. ജര്‍മനിയില്‍നിന്നും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നും ആയുധ സാങ്കേതിക വിദ്യ കൈവശപ്പെടുത്താന്‍ പാകിസ്ഥാന്‍ തീവ്രശ്രമം നടത്തുന്നതായി, ജര്‍മനി പാര്‍ലമെന്റ് അംഗങ്ങള്‍ക്കു കൈമാറിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെ ആയുധങ്ങള്‍ കൈവശപ്പെടുത്തുന്ന രാജ്യങ്ങളെക്കുറിച്ചുള്ള വിവരത്തിനായി ഇടതു പാര്‍ട്ടികളുടെ സംഘം ആരാഞ്ഞ ചോദ്യത്തിനു മറുപടിയായാണ് ജര്‍മന്‍ സര്‍ക്കാര്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. ഇറാന്‍ നിയമ വിരുദ്ധമായി ആയുധങ്ങള്‍ കൈവശപ്പെടുത്തുന്നതില്‍ ഇടിവു വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം പാകിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങളില്‍ വലിയ വര്‍ധനയാണ് വന്നിട്ടുള്ളത്. വടക്കന്‍ കൊറിയ, സിറിയ എന്നീ രാജ്യങ്ങളുടെ കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ജര്‍മനിയില്‍നിന്നും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നും നിയമവിരുദ്ധമായി ആയുധ സാങ്കേതിക വിദ്യ കൈവശപ്പെടുത്താനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. ആണവ ആയുധങ്ങളില്‍ ഉപയോഗിക്കാവുന്ന കാര്യങ്ങള്‍ക്കായാണ് അവരുടെ മുഖ്യ ശ്രമം. ഇത്തരം നീക്കങ്ങള്‍ പാകിസ്ഥാന്റെ പക്കല്‍നിന്ന് ഭാവിയിലും പ്രതീക്ഷിക്കണമെന്നാണ് ജര്‍മന്‍ ഇന്റലിജന്‍സ് പറയുന്നത്.

ആണവ നിര്‍വ്യാപന കരാറിലും അതിനോടു ബന്ധപ്പെട്ട സുരക്ഷാ ഉടമ്പടികളിലും പാകിസ്ഥാന്‍ ഒപ്പുവച്ചിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. സിവില്‍ ആണവ പരിപാടി പോലെ തന്നെ ശക്തമായി മുന്നോട്ടുകൊണ്ടുപോവുന്ന സൈനിക ആണവ പദ്ധതിയും പാകിസ്ഥാനുണ്ട്. ബദ്ധശത്രുവായ ഇന്ത്യയെ ലക്ഷ്യം വച്ചാണ് അതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

പാകിസ്ഥാന്റെ പക്കല്‍ ഇപ്പോള്‍ 130 മുതല്‍ 140 വരെ ആണവ ആയുധങ്ങള്‍ ഉണ്ടെന്നാണ് ജര്‍മന്‍ ഏജന്‍സിയുടെ കണക്ക്. 2025 ഓടെ ഇത് 250 എണ്ണമാക്കാനാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com