ജൂലിയന്‍ അസാഞ്‌ജെയ്ക്ക്‌ എതിരെ തെളിവില്ല; ലൈംഗിക പീഡന കേസ് അവസാനിപ്പിച്ച് സ്വീഡന്‍

സ്‌റ്റോക്‌ഹോമില്‍ വിക്കിലീക്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത സ്വീഡിഷ് വനിതയാണ് അസാന്‍ജ് തന്നെ ബലാത്കാരം ചെയ്‌തെന്നു പരാതിപ്പെട്ടത്
ജൂലിയന്‍ അസാഞ്‌ജെയ്ക്ക്‌ എതിരെ തെളിവില്ല; ലൈംഗിക പീഡന കേസ് അവസാനിപ്പിച്ച് സ്വീഡന്‍


സ്വീഡന്‍: വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെയ്ക്ക്‌ എതിരേയുള്ള ലൈംഗീക പീഡനക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചതായി സ്വീഡന്‍. തെളിവുകള്‍ ദുര്‍ബലമാണെന്നും കേസ് മുന്നോട്ടു കൊണ്ടിപോകാന്‍ ആകില്ലെന്നുമാണ് ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടറായ ഈവ മറിയ പെര്‍സണ്‍ അറിയിച്ചത്. 2010 ല്‍ ആരംഭിച്ച അന്വേഷണമാണ് ഒന്‍പതു വര്‍ഷത്തിന് ശേഷം ഉപേക്ഷിച്ചത്. 

സ്‌റ്റോക്‌ഹോമില്‍ വിക്കിലീക്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത സ്വീഡിഷ് വനിതയാണ് അസാഞ്‌ജെ തന്നെ ബലാത്കാരം ചെയ്‌തെന്നു പരാതിപ്പെട്ടത്. എന്നാല്‍ ആരോപണം അസാഞ്‌ജെ നിഷേധിച്ചു. പരാതിക്കാരിയുടെ മൊഴി വിശ്വസനീയമായിരുന്നെന്നാണ് പ്രോസിക്യൂട്ടര്‍ പറയുന്നത്. എന്നാല്‍ ഇത്രയും നാള്‍ കഴിഞ്ഞതിനാല്‍ തെളിവുകള്‍ ദുര്‍ബലമായതാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമായത്. ജാമ്യത്തിലിറങ്ങി മുങ്ങിയെന്ന കേസില്‍ അറസ്റ്റിലായ അസാഞ്‌ജെ ഇപ്പോള്‍ ബ്രിട്ടനിലെ ബല്‍മാര്‍ഷ് ജയിലിലാണ്. 

2012 മുതല്‍  ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ രാഷ്ട്രീയാഭയത്തിലായിരുന്നു അസാഞ്‌ജെ. സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീകാതിക്രമ കേസുകളില്‍ ഇന്റര്‍പോള്‍ നേരത്തെ അസാഞ്‌ജെയ്ക്ക്‌ എതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് വച്ചാണ് ലണ്ടന്‍ പൊലീസ് അസാഞ്‌ജെയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ വിക്കിലീക്ക്‌സ് രഹസ്യ രേഖകള്‍ പുറത്തു വിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് ഈ കേസുകളെന്ന് വിക്കിലീക്ക്‌സും അസാഞ്‌ജെയെ അനുകൂലിക്കുന്നവരും നേരത്തെ തന്നെ ആരോപിക്കുന്നതാണ്. അമേരിക്കയുടെ അഞ്ചുലക്ഷത്തിലധികം രഹസ്യ ഫയലുകള്‍ പുറത്തുവിട്ടെന്ന കേസില്‍ അസാഞ്‌ജെ കൈമാറണമെന്ന യുഎസ് ഭരണകൂടത്തിന്റെ ആവശ്യം നിലനില്‍ക്കെയാണ് സ്വീഡന്‍ കേസുകള്‍ പിന്‍വലിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com