സമാധാനത്തിനുള്ള നൊബേല്‍ ഗ്രേറ്റ തുന്‍ബര്‍ഗിനോ? 16കാരിയായ പരിസ്ഥിതി പ്രവര്‍ത്തകയ്ക്ക് നൊബേല്‍ കിട്ടുമെന്ന അഭ്യൂഹം ശക്തം 

കാലാവസ്ഥാസംരക്ഷണത്തോട് മുഖം തിരിച്ചുനില്‍ക്കുന്നവര്‍ക്കെതിരെ ലോകമെമ്പാടും നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭത്തിന്റെ ആഗോള മുഖമായി മാറിയിരിക്കുകയാണ് ഗ്രേറ്റ
സമാധാനത്തിനുള്ള നൊബേല്‍ ഗ്രേറ്റ തുന്‍ബര്‍ഗിനോ? 16കാരിയായ പരിസ്ഥിതി പ്രവര്‍ത്തകയ്ക്ക് നൊബേല്‍ കിട്ടുമെന്ന അഭ്യൂഹം ശക്തം 

വര്‍ഷത്തെ നൊബേല്‍ ജേതാക്കളെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിജയികള്‍ ആരാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന 16 വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗിനാണ് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. 

കാലാവസ്ഥാസംരക്ഷണത്തോട് മുഖം തിരിച്ചുനില്‍ക്കുന്നവര്‍ക്കെതിരെ ലോകമെമ്പാടും നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭത്തിന്റെ ആഗോള മുഖമായി മാറിയിരിക്കുകയാണ് ഗ്രേറ്റ എന്ന സ്വീഡിഷ് പെണ്‍കുട്ടി. പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യവുമായി, എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ സമരം ഇരുന്നതോടെയാണ് ഗ്രേറ്റ ലോക ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നത്.

'ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍' എന്ന പേരില്‍ സ്‌കൂള്‍ തലത്തില്‍ ഗ്രേറ്റ തുടക്കംകുറിച്ച സമരം ലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചത്. എന്നാല്‍ അവാര്‍ഡിനായി പരിഗണിക്കുന്നവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാത്തതുകൊണ്ടുതന്നെ ഇതു സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 

യു എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ വികാരഭരിതയായി ഗ്രേറ്റ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ആഗോള താപനത്തിന് ഇടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നേതാക്കള്‍ തന്റെ തലമുറയെ വഞ്ചിക്കുകയായിരുന്നുവെന്ന് ഗ്രേറ്റ അന്ന് തുറന്നടിച്ചു.

'ഞാനിവിടെ വരേണ്ടതല്ല. ഞാനിപ്പോള്‍ സ്‌കൂളിലാണ് ഉണ്ടാവേണ്ടിയിരുന്നത്. എന്നിട്ട് ഞങ്ങളെപ്പോലുള്ള കുട്ടികളില്‍ പ്രതീക്ഷ തേടി നിങ്ങള്‍ വരുന്നു. എങ്ങനെ ധൈര്യം വരുന്നു നിങ്ങള്‍ക്കതിന്? എന്റെ സ്വപ്‌നങ്ങളും ബാല്യവുമെല്ലാം നിങ്ങള്‍ പൊളളവാക്കുകള്‍ കൊണ്ട് കവര്‍ന്നു. മനുഷ്യര്‍ ദുരിതമനുഭവിക്കുകയാണ്, മരിക്കുകയാണ്, മുഴുവന്‍ ആവാസ വ്യവസ്ഥയും തകരുകയാണ്. വലിയ വിനാശത്തിന്റെ വക്കിലാണ് നാം. എന്നിട്ടും നിങ്ങള്‍ക്ക് പണത്തെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുമെല്ലാമുള്ള കെട്ടുകഥകള്‍ പറയാന്‍ എങ്ങനെ ധൈര്യംവരുന്നു?', ലോകനേതാക്കള്‍ക്ക് മുന്നില്‍ ഗ്രേറ്റ രോഷാകുലയായി.

കഴിഞ്ഞ വര്‍ഷം പീഡനവിവാദത്തെതുടര്‍ന്ന് നല്‍കാതിരുന്ന നോബേല്‍ സാഹിത്യ പുരസ്‌കാരവും ചേര്‍ത്തായിരിക്കും ഇക്കുറി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. സാഹിത്യത്തിനുള്ള നോബേല്‍ ഇക്കുറി രണ്ടുപേര്‍ക്ക് സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 70 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അവാര്‍ഡ് മാറ്റിവയ്ക്കുന്നത്. സുപ്രധാന തീരുമാനം കൈക്കൊള്ളാനുള്ള അംഗങ്ങുടെ കുറവാണ് അവാര്‍ഡ് മാറ്റിവയ്ക്കാന്‍ കാരണം. അതിനാല്‍ ഇക്കുറി 2018ലെയും 2019ലെയും ചേര്‍ത്ത് രണ്ട് സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് അക്കാഡമിയുടെ ശ്രമം. അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ ഒരു വനിതയെങ്കിലും ഇടംനേടണമെന്നതിനും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com