സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാന് കനത്ത തിരിച്ചടി; ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും

ഭീകരവിരുദ്ധ നടപടികള്‍ സമയപരിധിക്കുള്ളില്‍ നടപ്പാക്കുന്നതില്‍ പാകിസ്ഥാന്‍ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടി
സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാന് കനത്ത തിരിച്ചടി; ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും

പാരീസ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്നത് നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പാകിസ്ഥാനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഭീകരവിരുദ്ധ നടപടികള്‍ സമയപരിധിക്കുള്ളില്‍ നടപ്പാക്കുന്നതില്‍ പാകിസ്ഥാന്‍ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് എഫ്എടിഎഫ് കടുത്ത നടപടികള്‍ക്കൊരുങ്ങുന്നത്. 

ഒക്ടോബര്‍ 18ന് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കും. സമിതി നിര്‍ദേശിച്ച 27 എണ്ണത്തില്‍ ആറെണ്ണം മാത്രമാണ് പാകിസ്ഥാന് നടപ്പാക്കാനായത്. നിലവില്‍ ഗ്രേ പട്ടികയിലുള്ള പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് കരിമ്പട്ടികയ്ക്ക് തൊട്ടുമുന്നിലുള്ള ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. എഫ്എടിഎഫില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. എഫ്എടിഎഫ് നിയമപ്രകാരം ഏറ്റവും കര്‍ശനമായ മുന്നറിയിപ്പാണ് ഡാര്‍ക് ഗ്രേ പട്ടിക. 

കഴിഞ്ഞ ജൂണില്‍ നടന്ന യോഗത്തില്‍ പാകിസ്ഥാനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, നിഷ്‌കര്‍ഷിച്ച കര്‍മപദ്ധതികള്‍ 15 മാസത്തിനകം ഫലപ്രദമായി നടപ്പാക്കിയില്ലെങ്കില്‍ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഗ്രേ പട്ടികയില്‍ തുടര്‍ന്നാലും ഡാര്‍ക് ഗ്രേ പട്ടികയിലേക്ക് മാറ്റിയാലും ഐ.എം.എഫ്. ലോകബാങ്ക് തുടങ്ങിയ ധനകാര്യ ഏജന്‍സികളുടെ സാമ്പത്തികസഹായം ലഭിക്കാന്‍ പാകിസ്ഥാന് ബുദ്ധിമുട്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com