സിനിമാനടന്‍ കോക്പിറ്റില്‍ കയറി സെല്‍ഫിയെടുത്തു; പൈലറ്റിന്റെ പണി പോയി: ആജീവനാന്ത വിലക്ക്

ഏഴ് മില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള തന്റെ യൂട്യൂബ് ചാനലിലേക്കും ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലേക്കുമാണ് റമദാന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 
സിനിമാനടന്‍ കോക്പിറ്റില്‍ കയറി സെല്‍ഫിയെടുത്തു; പൈലറ്റിന്റെ പണി പോയി: ആജീവനാന്ത വിലക്ക്

കെയ്‌റോ: സിനിമാതാരത്തെ കോക്പിറ്റില്‍ കയറി സെല്‍ഫി എടുക്കാന്‍ അനുവദിച്ച പൈലറ്റിന് ആജീവനാന്ത വിലക്ക്. ഈജിപ്തിലാണ് സംഭവം. സിനിമാ താരവും പിന്നണി ഗായകനുമായ മുഹമ്മദ് റമദാനാണ് പൈലറ്റിന്റെ  അനുവാദത്തോടെ കോക്പിറ്റില്‍ കയറിയത്. വിമാനം പറന്നുകൊണ്ടിരിക്കെയാണ് ഇയാള്‍ കോക്പിറ്റില്‍ വെച്ച് സെല്‍ഫി എടുത്തതും വീഡിയോ പകര്‍ത്തിയതും.

കോക്പിറ്റിലേക്ക് കയറി സഹപൈലറ്റിന്റെ സീറ്റിലായിരുന്നു  റമദാന്‍ ഇരിപ്പുറപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഏഴ് മില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള തന്റെ യൂട്യൂബ് ചാനലിലേക്കും ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലേക്കുമാണ് റമദാന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 

'ജീവിതത്തിലാദ്യമായി വിമാനം പറത്താന്‍ പോകുന്നുവെന്ന്' പോസ്റ്റിനൊപ്പം താരം പറയുന്നുമുണ്ട്. പൈലറ്റിന് മാത്രം നിയന്ത്രിക്കാന്‍ അനുവാദമുള്ള വിമാനത്തിന്റെ കണ്‍ട്രോള്‍ വീലില്‍ കൈവച്ചുകൊണ്ടാണ് റമദാന്‍ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇതെല്ലാം പൈലറ്റിനെതിരെയുള്ള നിയമനടപടികള്‍ ശക്തമാകാന്‍ കാരണമായി.

വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ആരാധകരുള്‍പ്പടെ നിരവധിപ്പേര്‍ റമദാനെതിരെ രംഗത്തു വന്നു. താരത്തെ ബഹിഷ്‌കരിക്കണമെന്നും നടപടിയെടുക്കമെന്നും നിരവധിപ്പേര്‍ ആവശ്യപ്പെട്ടു. 

ഇതിനു പിന്നാലെയാണ് പൈലറ്റിനെതിരെയും സഹപൈലറ്റിനെതിരെയും ഈജിപ്ഷ്യന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് കര്‍ശന നടപടികളെടുത്തത്. പൈലറ്റിന് ആജീവനാന്ത വിലക്കും സഹപൈലറ്റിന് ഒരു വര്‍ഷത്തെ വിലക്കുമാണ് നല്‍കിയിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തില്‍ ഈജിപ്ഷ്യന്‍ എയര്‍ലൈന്‍സ് യാതൊരു വിട്ടുവീവ്ചയ്ക്കും തയാറല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, റമദാനെതിരെയും നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. വിമാനം പറന്നുകൊണ്ടിരിക്കുമ്പോള്‍ കോക്പിറ്റില്‍ കയറരുത് എന്ന നിയമം ഏവര്‍ക്കും അറിയാവുന്നതാണെന്നും അത് ലംഘിച്ച താരത്തിനെതിരെ എന്തു നടപടിയാണ് ഉണ്ടാവുകയെന്ന് പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com