ഒടുവില്‍ ജനകീയ പ്രക്ഷോഭത്തിന് വിജയം; കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിച്ച് ഹോങ്കോങ്

മാസങ്ങള്‍ നീണ്ടുനിന്ന ഹോങ്കോങ് പ്രക്ഷോഭത്തിന് ഒടുവില്‍ വിജയം. വിവാദമായ കുറ്റവാളി കൈമാറ്റ ബില്‍ ഹോങ്കോങ് പിന്‍വലിച്ചു.
ഒടുവില്‍ ജനകീയ പ്രക്ഷോഭത്തിന് വിജയം; കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിച്ച് ഹോങ്കോങ്

ഹോങ്കോങ്: മാസങ്ങള്‍ നീണ്ടുനിന്ന ഹോങ്കോങ് പ്രക്ഷോഭത്തിന് ഒടുവില്‍ വിജയം. വിവാദമായ കുറ്റവാളി കൈമാറ്റ ബില്‍ ഹോങ്കോങ് പിന്‍വലിച്ചു. ഹോങ്കോങ് ഭരണാധികാരി കാരി ലാമാണ് ബില്‍ പിന്‍വലിച്ചുവെന്ന് അറിയിച്ചത്. ' പൊതുതാത്പര്യം കണക്കിലെടുത്ത് ഗവണ്‍മെന്റ് ബില്‍ പിന്‍വലിക്കുകയാണ്' എന്ന് അവര്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ടെലിവിഷന്‍ അഭിസംബോധനയില്‍ പറഞ്ഞു. 

പ്രതിഷേധത്തിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ കാരി, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണസംഘത്തെ നിയമിക്കുമെന്നും വ്യക്തമാക്കി. 

ഈ മാസം മുതല്‍ താനും ഉദ്യോഗസ്ഥരും നേരിട്ട് ജനങ്ങള്‍ക്കിടയില്‍ സംവാദം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. സമൂഹത്തിന്റെ നനാതുറകളില്‍ നിന്നുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തങ്ങള്‍ പരിഗണിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഹോങ്കോങ്ങില്‍ നിന്നുള്ള കുറ്റവാളികളെ ചൈനയ്ക്ക് വിട്ടുനല്‍കുന്നതിന് എതിരായാണ മാസങ്ങള്‍ നീണ്ട ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. ഹോങ്കോങ് നഗരത്തെ നിശ്ചലമാക്കി ലക്ഷങ്ങളാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. 

ചൈനയുടെ കീഴിലുള്ള ഹോങ്കോങ് നഗരത്തെ കൂടുതല്‍ അധീനപ്പെടുത്താനുള്ള അവരുടെ ശ്രമമാണ് കുറ്റവാളി കൈമാറ്റ നിയമം എന്നായിരുന്നു പ്രക്ഷോഭകാരികള്‍ ആരോപിച്ചിരുന്നത്. ചൈനയുടെ പദ്ധതികളെ എതിര്‍ക്കുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കാനും അവരെ പീഡിപ്പിക്കാനുമുള്ള ശ്രമമാണ് ബില്ലെന്നും അവര്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com