'ഇനിയും കെട്ടുകഥകള്‍ പറയാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വരുന്നു ?' ; ലോകനേതാക്കള്‍ക്കു മുന്നില്‍ പൊട്ടിത്തെറിച്ച് ഗ്രേറ്റ ( വീഡിയോ )

നിങ്ങള്‍ക്ക് പണത്തെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുമെല്ലാമുള്ള കെട്ടുകഥകള്‍ പറയാന്‍ എങ്ങനെ ധൈര്യംവരുന്നു?
'ഇനിയും കെട്ടുകഥകള്‍ പറയാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വരുന്നു ?' ; ലോകനേതാക്കള്‍ക്കു മുന്നില്‍ പൊട്ടിത്തെറിച്ച് ഗ്രേറ്റ ( വീഡിയോ )

ന്യൂയോര്‍ക്ക് : കാലാവസ്ഥ ഉച്ചകോടിയില്‍ ലോക നേതാക്കള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് കൗമാരക്കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. ആഗോള താപനത്തിന് ഇടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നേതാക്കള്‍ തന്റെ തലമുറയെ വഞ്ചിക്കുകയായിരുന്നുവെന്ന് ഗ്രേറ്റ തുറന്നടിച്ചു. യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിക്കവെ പലപ്പോഴും വിതുമ്പിപ്പോയ ഗ്രേറ്റയുടെ പ്രസംഗം വികാരനിര്‍ഭരമായിരുന്നു. 

'ഞാനിവിടെ വരേണ്ടതല്ല. ഞാനിപ്പോള്‍ സ്‌കൂളിലാണ് ഉണ്ടാവേണ്ടിയിരുന്നത്. എന്നിട്ട് ഞങ്ങളെപ്പോലുള്ള കുട്ടികളില്‍ പ്രതീക്ഷ തേടി നിങ്ങള്‍ വരുന്നു. എങ്ങനെ ധൈര്യം വരുന്നു നിങ്ങള്‍ക്കതിന്? എന്റെ സ്വപ്‌നങ്ങളും ബാല്യവുമെല്ലാം നിങ്ങള്‍ പൊളളവാക്കുകള്‍ കൊണ്ട് കവര്‍ന്നു. മനുഷ്യര്‍ ദുരിതമനുഭവിക്കുകയാണ്, മരിക്കുകയാണ്, മുഴുവന്‍ ആവാസ വ്യവസ്ഥയും തകരുകയാണ്. വലിയ വിനാശത്തിന്റെ വക്കിലാണ് നാം. എന്നിട്ടും നിങ്ങള്‍ക്ക് പണത്തെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുമെല്ലാമുള്ള കെട്ടുകഥകള്‍ പറയാന്‍ എങ്ങനെ ധൈര്യംവരുന്നു?', ഗ്രേറ്റ തുന്‍ബര്‍ഗ് രോഷാകുലയായി. 

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭത്തിന്റെ ആഗോള മുഖമായി മാറിയിരിക്കുകയാണ് 16 കാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന സ്വീഡിഷ് പെണ്‍കുട്ടി. ഗ്രേറ്റയുടെ നേതൃത്വത്തില്‍ നടന്ന കാലാവസ്ഥാ സമരത്തില്‍ 139 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് ഗ്രേറ്റ ആവശ്യപ്പെടുന്നത്. 

വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്റെ ഭാഗമായി നടന്നു കഴിഞ്ഞു. പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യവുമായി, എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ സമരം ഇരുന്നതോടെയാണ് ഗ്രേറ്റ ലോക ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നത്. ഗ്രേറ്റയുടെ പ്രസംഗത്തെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്തുവന്നു. ശോഭനമായ ഭാവിയിലേക്ക് നോക്കുന്ന സന്തോഷവതിയായ പെണ്‍കുട്ടിയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com