അണുനാശിനി കുത്തിവച്ചുകൂടേ? സൂര്യപ്രകാശം കടത്തിവിട്ടാലെന്താ?, കൊറോണ ചികിത്സയില്‍ വിചിത്രനിര്‍ദേശവുമായി ട്രംപ്; അമ്പരന്ന് ആരോഗ്യവിദഗ്ധര്‍ 

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച വിചിത്ര വാദങ്ങളില്‍ അമ്പരന്ന് അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍
അണുനാശിനി കുത്തിവച്ചുകൂടേ? സൂര്യപ്രകാശം കടത്തിവിട്ടാലെന്താ?, കൊറോണ ചികിത്സയില്‍ വിചിത്രനിര്‍ദേശവുമായി ട്രംപ്; അമ്പരന്ന് ആരോഗ്യവിദഗ്ധര്‍ 

ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച വിചിത്ര വാദങ്ങളില്‍ അമ്പരന്ന് അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍. കൊറോണ വൈറസിനെ ചെറുത്തുതോല്‍പ്പിക്കാന്‍ അണുനാശിനി ശരീരത്തില്‍ കടത്തിവിടുന്നതിന്റെ സാധ്യത പരിശോധിക്കാനാണ് ഡൊണള്‍ഡ് ട്രംപ് നിര്‍ദേശിച്ചത്. സൂര്യപ്രകാശം, വീടുകളില്‍ ഉപയോഗിക്കുന്ന അണുനാശിനികള്‍ എന്നിവ ശരീരത്തില്‍ കടത്തിവിടുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ആവശ്യപ്പെട്ടത്.

സൂര്യപ്രകാശവും വീടുകളില്‍ ഉപയോഗിക്കുന്ന അണുനാശിനികളും കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗങ്ങളാണ് എന്ന വിദഗ്ധ അഭിപ്രായം ഉദ്ധരിച്ചാണ് ട്രംപിന്റെ നിര്‍ദേശം. ചൂട് കൂടിയതും ഈര്‍പ്പമുളളതുമായ അന്തരീക്ഷം കൊറോണ വൈറസിന്റെ ശക്തി ക്ഷയിപ്പിക്കുമെന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുളള ടെക്‌നോളജി ഡയറക്ടറേറ്റ് തലവന്‍ ബില്‍ ബ്രയാന്റെ വാക്കുകളാണ് ട്രംപ് കടമെടുത്തത്. 

സൂര്യപ്രകാശം രണ്ടുമിനിറ്റ് കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്ന്് ദിവസംതോറും ചേരുന്ന അവലോകന യോഗത്തിലാണ് ബില്‍ ബ്രയാന്‍ വിശദീകരിച്ചത്. വീടുകളില്‍ അനുനാശിനിയായി ഉപയോഗിക്കുന്ന ബ്ലീച്ചിങ് പൗഡര്‍, ഐസോപ്രോപൈല്‍ ആല്‍ക്കഹോള്‍ എന്നിവയും വൈറസിനെ കൊല്ലും. ബ്ലീച്ചിങ് പൗഡര്‍ അഞ്ചുമിനിറ്റ് കൊണ്ട് വൈറസിനെ നശിപ്പിക്കുമ്പോള്‍ ഐസോപ്രോപൈല്‍ ആല്‍ക്കഹോള്‍ 30 സെക്കന്‍ഡില്‍ വൈറസിനെ ഇല്ലാതാക്കുമെന്നും ബില്‍ ബ്രയാന്‍ നിര്‍ദേശിച്ചു. ഇതിനെ ആസ്പദമാക്കിയാണ് ട്രംപിന്റെ വിചിത്ര വാദം.

ബില്‍ ബ്രയാന്റെ വാക്കുകളെ ഉദ്ധരിച്ച് കോവിഡ് രോഗികളുടെ ശരീരത്തില്‍ സൂര്യപ്രകാശം കടത്തിവിടുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു. അണുനാശിനികള്‍ക്ക് കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ അത്ഭുത കഴിവുകള്‍ ഉണ്ടെങ്കില്‍ ഇത് ശ്വാസകോശത്തിലേക്ക് കടത്തിവിടുന്നതിന്റെ സാധ്യത പരിശോധിച്ചു കൂടേ എന്നും ട്രംപ് ചോദിക്കുന്നു. അങ്ങനെയെങ്കില്‍ ശ്വാസകോശത്തിലെ എണ്ണമറ്റ കൊറോണ വൈറസുകളെ തുരത്താന്‍ കഴിയുകയില്ലേ എന്നും ട്രംപ് അത്ഭുതപ്പെട്ടു. ശരീരത്തിന് പുറത്ത് കോവിഡിനെ പ്രതിരോധിക്കുന്ന മാര്‍ഗങ്ങളെ കുറിച്ചാണ് ബ്രയാന്‍ വിശദീകരിച്ചത്. ഇതാണ് തെറ്റായി ട്രംപ് വ്യാഖാനിച്ചത്. ട്രംപിന്റെ വാക്കുകള്‍ കേട്ട് ബ്രയാനും മറ്റു വിദഗ്ധരും അമ്പരന്ന് പോയതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ട്രംപിന്റെ വാദഗതികളെ ബ്രയാന്‍ തളളി. പഠനറിപ്പോര്‍ട്ടില്‍ കണ്ടെത്തിയ വസ്തുതകളെ കുറിച്ചാണ് പറഞ്ഞത്. ലാബില്‍ വച്ച് മനുഷ്യ ശരീരത്തിലേക്ക് സൂര്യപ്രകാശവും മറ്റ് അണുനാശിനികളും കടത്തിവിട്ട് പരീക്ഷണം നടത്താനുളള നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് ബ്രയാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com