ഒരു സ്ത്രീയില്‍ നിന്ന് കോവിഡ് പകരാന്‍ സാധ്യത; ഭൂട്ടാനില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കോവിഡ് 19 വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ദേശവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഭൂട്ടാന്‍
ഒരു സ്ത്രീയില്‍ നിന്ന് കോവിഡ് പകരാന്‍ സാധ്യത; ഭൂട്ടാനില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കോവിഡ് 19 വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ദേശവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഭൂട്ടാന്‍. ഇന്നുമുതലാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടേയ് ഷെറിങ്, ഗെലഫു ടൗണിലാണ് കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച വനിതയ്ക്ക് മറ്റു പട്ടണങ്ങളില്‍ ഉള്‍പ്പെടെ നിരവധിപേരുമായി സമ്പര്‍ക്കമുണ്ടെന്നും രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആദ്യത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ രോഗമുക്തയായെങ്കിലും, പിന്നീട് നടന്ന പരിശോധനയില്‍ ഫലം പോസിറ്റിവ് ആയി. വീട്ടിലെത്തി 15 ദിവസം കഴിഞ്ഞതിന് ശേഷമാണ് വീണ്ടും പരിശോധന നടത്തിയത്. ഈ കാലയളവില്‍ പല സ്ഥലങ്ങളിലേക്കും ഇവര്‍ യാത്ര നടത്തുകയും ബന്ധുക്കളെ സന്ദര്‍ശിക്കുകയും ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ചൊവ്വാഴ്ച രാവിലെവരെ ഇവരുമായി അടുത്തിടപഴകിയ 71പേരെ ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ എല്ലാ സ്‌കൂളുകളും സ്ഥാപനങ്ങലും ഓഫീസുകളും വാണിജ്യ കേന്ദ്രങ്ങളും അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. രോഗവ്യാപനം കൂടുന്നതിന് മുന്‍പ് കോവിഡ് ബാധിച്ച എല്ലാവരെയും കണ്ടെത്താനും ഐസൊലേഷനില്‍ ആക്കാനുമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഭക്ഷണവസ്തുക്കള്‍ വീടുകളില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്കമാക്കി. ചൊവ്വാഴ്ചവരെയുള്ള കണക്ക് അനുസരിച്ച് ഭൂട്ടാനില്‍ 113 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 96പേര്‍ രോഗമുക്തരായി. മരണസംഖ്യ പൂജ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com