ജോര്‍ജ് ഫ്‌ളോയിഡിനായി തെരുവില്‍ ഇറങ്ങിയവരുടെ 'രക്ഷകന്‍'; ഹീറോസ് ഓഫ് 2020യില്‍ ഇടം നേടി ഇന്ത്യന്‍-അമേരിക്കന്‍ വംശജന്‍ 

കറുത്തവരോടുള്ള വിവേചനത്തിന്റെ പേരില്‍ അമേരിക്കയില്‍ ജീവന്‍ നഷ്ടപെട്ട ജോര്‍ജ് ഫ്‌ളോയിഡിന് വേണ്ടി പ്രതിഷേധിച്ച എഴുപതോളം പേര്‍ക്ക് താമസം ഒരുക്കിയ വ്യക്തിയാണ് രാഹുല്‍
രാഹുല്‍ ദുബൈ/ ട്വിറ്റര്‍
രാഹുല്‍ ദുബൈ/ ട്വിറ്റര്‍

ടൈം മാസികയുടെ ഹീറോസ് ഓഫ് 2020യില്‍ ഇടം നേടി ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ രാഹുല്‍ ദുബൈ. കറുത്തവരോടുള്ള വിവേചനത്തിന്റെ പേരില്‍ അമേരിക്കയില്‍ ജീവന്‍ നഷ്ടപെട്ട ജോര്‍ജ് ഫ്‌ളോയിഡിന് വേണ്ടി പ്രതിഷേധിച്ച എഴുപതോളം പേര്‍ക്ക് താമസം ഒരുക്കിയ വ്യക്തിയാണ് രാഹുല്‍. ആവശ്യക്കാര്‍ക്ക് അഭയകേന്ദ്രം ഒരുക്കിയ വ്യക്തി എന്നാണ് ഇദ്ദേഹത്തെ ടൈം മാസിക വിശേഷിപ്പിച്ചിരിക്കുന്നത്. 

കഴിഞ്ഞ ജൂണ്‍ ഒന്നാം തിയതി വാഷിങ്ടണ്‍ ഡിസിയിലെ തെരുവില്‍ ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ തടിച്ചുകൂടിയവര്‍ക്ക് രക്ഷാകേന്ദ്രമാവുകയായിരുന്നു ദുബൈയുടെ വീട്. വൈറ്റ് ഹൗസിന് അടുത്തായിരുന്നു ദുബൈ താമസിച്ചിരുന്നത്. വൈകിട്ട് ഏഴ് മണി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ വീടിന് പുറത്തേക്ക് നോക്കിയ ദുബൈ കണ്ടത് തെരുവില്‍ പ്രതിഷേധക്കാര്‍ കൂട്ടമായി നില്‍ക്കുന്നതാണ്. ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലീസ് സമരക്കാരെ തടയുന്നുണ്ടായിരുന്നു. മടങ്ങിപ്പോകാത്തവരെ തുരത്താനായി കുരുമുളക് സ്‌പ്രെ അടക്കം പ്രയോഗിക്കുന്നത് ദുബൈയുടെ ശ്രദ്ധയില്‍പ്പെട്ടു.

വീടിന്റെ മുന്‍വാതില്‍ തുറന്ന അയാള്‍ അകത്തുകയറാന്‍ പ്രതിഷേധക്കാരോട് അലറിവിളിച്ച് പറഞ്ഞു. ആളുകള്‍ പ്രാണിക്കൂട്ടത്തെപ്പോലെ വീട്ടിലേക്ക് ഇരച്ചെത്തി. കര്‍ഫ്യൂ ലംഘനം ഒഴിവാക്കാന്‍ എഴുപതോളം ആളുകളെ അന്ന് രാത്രി വീട്ടില്‍ പാര്‍പ്പിച്ചെന്ന് ദുബൈ പറയുന്നു. "ആളുകള്‍ ചുമയ്ക്കുകയും കരയുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. തമ്മില്‍ വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു, അഭിഭാഷകരുടെ ഫോണ്‍നമ്പറുകള്‍ പരസ്പരം നല്‍കി. അന്ന കണ്ടത് യഥാര്‍ത്ഥ സഹവര്‍ത്തിത്വം തന്നെയാണ്", ആ ദിവസത്തെക്കുറിച്ച് ദുബൈ പറഞ്ഞു. 

പൊലീസ് ഉദ്യോഗസ്ഥര്‍ പല രീതിയില്‍ അന്ന് രാത്രി തടസ്സമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നെന്നും പ്രതിഷേധക്കാരാണെന്ന വ്യാജേന വീട്ടില്‍ കയറിക്കൂടാന്‍ പോലും ശ്രമമുണ്ടായെന്ന് ദുബൈ പറഞ്ഞു. തന്റെ അതിഥികള്‍ക്കായി ഓര്‍ഡര്‍ ചെയ്ത പിസ വീട്ടിലെത്തിക്കാതിരിക്കാന്‍ പോലും ഇടപെടല്‍ നടത്തിയതായി അദ്ദേഹം ആരോപിച്ചു. അന്ന് ദുബൈയുടെ വീട്ടില്‍ അഭയം കണ്ടെത്തിയവര്‍ അദ്ദേഹത്തെ രക്ഷകനെന്നാണ് വിശേഷിപ്പിക്കുന്നത്. ദുബൈയുടെ പ്രവര്‍ത്തിയെക്കുറിച്ച് നിരവധി ട്വീറ്റുകളാണ് നിറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com