തുര്‍ക്കിയില്‍ അതിശക്തമായ ഭൂചലനം; 18 മരണം; 500ലേറെ പേര്‍ക്ക് പരിക്ക്

തുര്‍ക്കിയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു
തുര്‍ക്കിയില്‍ അതിശക്തമായ ഭൂചലനം; 18 മരണം; 500ലേറെ പേര്‍ക്ക് പരിക്ക്

ഇസ്താംബുള്‍: തുര്‍ക്കിയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 500ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 30ഓളം പേര്‍ കെട്ടിടങ്ങള്‍ക്ക് മുകളിലും അവശിഷ്ടങ്ങള്‍ക്കിടയിലും കുടുങ്ങിക്കിടപ്പുണ്ട്. റിക്ടര്‍ സ്‌കെയില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് കിഴക്കന്‍ തുര്‍ക്കിയിലെ എലസിഗ് പ്രവിശ്യയില്‍ വെള്ളിയാഴ്ച ഉണ്ടായത്. 

തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നിന്ന് 550 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായ എലസിഗ്. എലസിഗില്‍ 13 പേരും മലട്യയില്‍ അഞ്ച് പേരുമാണ് മരിച്ചതെന്ന് തുര്‍ക്കി ആരോഗ്യ മന്ത്രി ഫഹ്രെറ്റിന്‍ കോക്ക പറഞ്ഞു. 

തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കടിയില്‍ പെട്ടാണ് മിക്കവര്‍ക്കും പരിക്കേറ്റത്. ഇവരെ രക്ഷിക്കാനായി ഊര്‍ജിത പ്രവര്‍ത്തനം നടക്കുകയാണെന്ന് പ്രതിരോധ മന്ത്രി ഹുലുസി അകര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെയും ഇറക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോലീസും സൈന്യവും എമര്‍ജന്‍സി വര്‍ക്കേഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഭൂചലനത്തെ തുടര്‍ന്ന് വീടുകളില്‍ നിന്ന് ഓടിപ്പോയവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, പുതപ്പ് തുടങ്ങിയവ വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആളുകള്‍ തകര്‍ന്ന കെട്ടിടങ്ങളിലേക്ക് മടങ്ങരുതെന്ന് തുര്‍ക്കി ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. 

തുര്‍ക്കിയില്‍ 1999ലുണ്ടായ ഭൂചലത്തില്‍ 17000 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്താംബുളില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ ഇസ്തിമിലാണ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 2011ലും തുര്‍ക്കിയില്‍ ഭൂചലനമുണ്ടായിരുന്നു. എര്‍സിസിലെ വാന്‍ നഗരത്തിലുണ്ടായ ഭൂചലനത്തില്‍ 523 പേരാണ് കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com