അതിര്‍ത്തി തര്‍ക്കത്തിനിടെ ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ നിരോധിച്ച് നേപ്പാളിന്റെ പ്രകോപനം 

ദൂരദര്‍ശന്‍ ഒഴികെയുളള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ നേപ്പാളിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നിരോധിച്ചു
അതിര്‍ത്തി തര്‍ക്കത്തിനിടെ ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ നിരോധിച്ച് നേപ്പാളിന്റെ പ്രകോപനം 

ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, നേപ്പാളിന്റെ പ്രകോപനം. ദൂരദര്‍ശന്‍ ഒഴികെയുളള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ നേപ്പാളിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നിരോധിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് നേപ്പാള്‍ സര്‍ക്കാരിന്റെ ഉത്തരവ് ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് നേപ്പാളിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ നടപടി. നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നും ഇവര്‍ ആരോപിക്കുന്നു. രാജ്യത്തെ അപകടത്തിലാക്കുന്ന തരത്തില്‍ ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ രാഷ്ട്രീയവും നിയമപരവുമായ പ്രതിവിധികള്‍ തേടുമെന്ന് നേപ്പാളിലെ വാര്‍ത്താ വിതരണ മന്ത്രി യുബരാജ് ഖതിവാഡ അറിയിച്ചു. 

'രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന തരത്തിലുളള വാര്‍ത്തകള്‍ നല്‍കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതില്‍ അയല്‍രാജ്യങ്ങളിലെ വാര്‍ത്താ മാധ്യമങ്ങളും ഉള്‍പ്പെടുന്നു. ഇതിന് രാഷ്ട്രീയവും നിയമപരവുമായ പ്രതിവിധികള്‍ തേടും'-യുബരാജ് ഖതിവാഡ പറഞ്ഞു.

അടുത്തിടെ, ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്‌കരിക്കുന്നതിന് നേപ്പാള്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇത് നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ ഇന്ത്യയുമായുളള ബന്ധം വഷളായിരിക്കുകയാണ്. 

ഭൂപടം പരിഷ്‌കരിക്കാന്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങള്‍ ഇന്ത്യയുടേതാണ്. 1988ലെ ഉടമ്പടി അനുസരിച്ച് നയതന്ത്ര ചര്‍ച്ചകളിലൂടെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ തയ്യാറാകണമെന്നും ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com