ആംസ്റ്റര്‍ഡാമില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു; വംശീയവാദിയെന്ന് സ്‌പ്രേ പെയിന്റ് ചെയ്തു

ആംസ്റ്റര്‍ഡാമിലെ ചര്‍ച്ചിലാനിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. പ്രതിമയില്‍ വംശീയവാദിയെന്നും എഴുതിയിട്ടുണ്ട്
ആംസ്റ്റര്‍ഡാമില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു; വംശീയവാദിയെന്ന് സ്‌പ്രേ പെയിന്റ് ചെയ്തു

നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു. സ്‌പ്രേ പെയിന്റുകൊണ്ട് പ്രതിമ നശിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ നടന്ന പ്രതിഷേധത്തിലാണ് പ്രതിമ നശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 

ആംസ്റ്റര്‍ഡാമിലെ ചര്‍ച്ചിലാനിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. പ്രതിമയില്‍ വംശീയവാദിയെന്നും എഴുതിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഇത്തരത്തിലുള്ള അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയില്ലെന്ന് പ്രതിമയുടെ സംരക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിമ പഴയപടിയാക്കാന്‍ മണിക്കൂറുകളെടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി. 

ബുധനാഴ്ച ഗാന്ധി പ്രതിമ നശിപ്പിച്ചിരിക്കുന്നത് ഒരു 75കാരനാണ് ആദ്യം കണ്ടത്. നാല്‍പ്പത് വര്‍ഷമായി ഇവിടെ ജീവിക്കുന്ന താന്‍ ആദ്യമായാണ് ഇത്തരത്തിലുള്ള കാഴ്ച കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

അമേരിക്കന്‍ പൊലീസ് അതിക്രമത്തില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടതിന് പിന്നാലെ ലോകത്താകെ നടന്ന പ്രതിഷേധങ്ങളില്‍ ധാരളം പ്രതിമകള്‍ നശിപ്പിച്ചിരുന്നു. 

നേരത്തെ ഘാനയിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തിരുന്നു.മഹാത്മാ ഗാന്ധി വംശീയവാദിയാണ് എന്നാരോപിച്ചായിരുന്നു പ്രതിമ മാറ്റിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com