പ്രകോപനവുമായി നേപ്പാളും, ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൂട്ടി ചേർത്ത ഭൂപടം ഉപരിസഭ അംഗീകരിച്ചു

ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടെ ഭൂപ്രദേശമായി രേഖപ്പെടുത്തിയത്
പ്രകോപനവുമായി നേപ്പാളും, ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൂട്ടി ചേർത്ത ഭൂപടം ഉപരിസഭ അംഗീകരിച്ചു

കാഠ്മണ്ഡു: ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൂടി ചേർത്ത് പുതിയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ലിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭയും അംഗീകാരം നല്‍കി. ഏകകണ്ഠമായിട്ടായിരുന്നു തീരുമാനം. ബില്ലിന് 57 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ ഒറ്റ വോട്ടും എതിരായി വന്നില്ല.  

ബില്ലിന് അധോസഭ ശനിയാഴ്ച അംഗീകാരം നല്‍കിയിരുന്നു. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടെ ഭൂപ്രദേശമായി രേഖപ്പെടുത്തിയത്. ഭരണഘടനാഭേദഗതി ബില്ലിലൂടെയാണ് ഈ പർവതമേഖലയെ നേപ്പാൾ സ്വന്തം ഭൂപടത്തോട് കൂട്ടിച്ചേർത്തിരിക്കുന്നത്.

അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്ത 258 എംപിമാരും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തിരുന്നു.  പ്രതിപക്ഷകക്ഷിയായ നേപ്പാളി കോൺഗ്രസ് അടക്കം ബില്ലിനെ പിന്തുണച്ചിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസായതോടെ ഇനി പ്രസിഡന്റിനെ അംഗീകാരം മാത്രമേ ഇതിന് ലഭിക്കേണ്ടതുള്ളൂ.

അതേസമയം നേപ്പാളിന്റെ നടപടിയെ വിമർശിച്ച് ഇന്ത്യ രം​ഗത്തെത്തിയിരുന്നു. അതിര്‍ത്തി തര്‍ക്കങ്ങള്‍ സംബന്ധിച്ചുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമാണ്  നേപ്പാളിന്റെ നടപടിയെന്നാണ് ഇന്ത്യയുടെ പ്രതികരണം. ചരിത്രബോധമില്ലാത്ത, ഏകപക്ഷീയമായ തീരുമാനമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. കാലാപാനിയുൾപ്പടെ ഇന്ത്യൻ സൈന്യം നിർണായകമായി കണക്കാക്കുന്ന മേഖലകളാണ് നേപ്പാൾ തങ്ങളുടേതാണെന്ന് ആവകാശപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com