മുംബൈ ഭീകരാക്രമണം; തഹാവുർ റാണ വീണ്ടും അറസ്റ്റിൽ; ഇന്ത്യക്ക് കൈമാറിയേക്കും

മുംബൈ ഭീകരാക്രമണം; തഹാവുർ റാണ വീണ്ടും അറസ്റ്റിൽ; ഇന്ത്യക്ക് കൈമാറിയേക്കും
മുംബൈ ഭീകരാക്രമണം; തഹാവുർ റാണ വീണ്ടും അറസ്റ്റിൽ; ഇന്ത്യക്ക് കൈമാറിയേക്കും

വാഷിങ്ടൻ: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതികളിലൊരാളായ തഹാവുർ ഹുസൈൻ റാണ (59) യുഎസിൽ വീണ്ടും അറസ്റ്റിൽ. മുംബൈ ഭീകരാക്രമണ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന ത​ഹാവുർ റാണ  കഴിഞ്ഞ പത്ത് വർഷമായി സതേൺ കലിഫോർണിയയിലെ ടെർമിനൽ ഐലന്റ് ജയിലിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. അതിനിടെ ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജയിൽ മോചിതനായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ വിചാരണ നേരിടുന്നതിനാലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ റാണയെ വീണ്ടും അറസ്റ്റ് ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. ഇയാളെ ഉടൻ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് സൂചന. റാണയുടെ 14 വർഷത്തെ ജയിൽ ശിക്ഷ അവസാനിക്കുന്നത് 2021 ഡിസംബറിലാണ്. ഇതിനു മുമ്പു തന്നെ ഇയാളെ ഇന്ത്യയിലേക്ക് അയയ്ക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.

അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് റാണയെ 2009-ലാണ് അറസ്റ്റ് ചെയ്തത്. 2013-ൽ റാണയ്ക്ക് 14 വർഷം തടവു ശിക്ഷ വിധിച്ചു.

ശിക്ഷാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് റാണയെ ഇന്ത്യയിലെത്തിക്കാൻ ഇന്ത്യൻ അധികൃതർ ട്രംപ് ഭരണകൂടത്തിന്റെ പൂർണ പിന്തുണയോടെ നടപടി ക്രമങ്ങൾ ത്വരിതഗതിയിലാക്കാൻ നീക്കം നടത്തിയിരുന്നു. പാകിസ്ഥാനിൽ ജനിച്ച റാണയ്ക്ക് കനേഡിയൻ പൗരത്വമാണുള്ളത്. മുംബൈ ഭീകരാക്രമണ കേസിൽ റാണയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ യുഎസിനു കൈമാറിയെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com