ഷാങ്ഹായ് ഉച്ചകോടി ഇന്ന് ; ​ഗാൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായി മോദിയും ജിൻപിങും ഒരേ വേദിയിൽ

ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരുന്നു
ഷാങ്ഹായ് ഉച്ചകോടി ഇന്ന് ; ​ഗാൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായി മോദിയും ജിൻപിങും ഒരേ വേദിയിൽ

ന്യൂഡല്‍ഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) യുടെ വെര്‍ച്വല്‍ ഉച്ചകോടി ഇന്ന് നടക്കും.  ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ചൈനയും പാകിസ്ഥാനും ഉച്ചകോടിയിൽ പങ്കെടുക്കും. ഗാല്‍വാന്‍ സംഘര്‍ഷത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ആദ്യമായി ഒരേ വേദി പങ്കിടുന്നു ഷാങ്ഹായ് ഉച്ചകോടിയെ ശ്രദ്ധേയമാക്കുന്നത്. 

ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന വന്‍ സൈനിക വിന്യാസം നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ ഒരേ വേദി പങ്കിടാനൊരുങ്ങുന്നത്. 

ഷാന്‍ഹായ് ഉച്ചകോടിക്ക് പുറമെ ഈമാസം നടക്കുന്ന മറ്റ് രണ്ട് ചടങ്ങുകളിലും പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും പങ്കെടുക്കുന്നുണ്ട്. ഈ മാസം 17 ന് നടക്കുന്ന ബ്രിക്‌സ് വെര്‍ച്വല്‍ ഉച്ചകോടി, 21, 22 തീയതികളില്‍ നടക്കുന്ന ജി 20 വെര്‍ച്വല്‍ ഉച്ചകോടി എന്നിവയാണ് മറ്റ് ഉച്ചകോടികൾ.  മോദിക്കും ജിന്‍പിങ്ങിനും പുറമെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍  പുടിന്‍, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരും കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com