തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇറാനെ ആക്രമിക്കാന്‍ ട്രംപ് പദ്ധതിയിട്ടു, വെളിപ്പെടുത്തല്‍

യോഗത്തില്‍ മുതിര്‍ന്ന ഉപദേശകര്‍ ട്രംപിന്റെ നിര്‍ദേശത്തെ എതിര്‍ക്കുകയായിരുന്നു
ട്രംപ്  (പിടിഐ ചിത്രം)
ട്രംപ് (പിടിഐ ചിത്രം)

വാഷിങ്ടണ്‍ : ഇറാനെ ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിട്ടുവെന്ന് വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കുന്നതിന്റെ സാധ്യതകള്‍ ട്രംപ് ആരാഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഓവല്‍ ഓഫീസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉന്നതതലയോഗം ചേര്‍ന്നത്. എന്നാല്‍ യോഗത്തില്‍ മുതിര്‍ന്ന ഉപദേശകര്‍ ട്രംപിന്റെ നിര്‍ദേശത്തെ എതിര്‍ക്കുകയായിരുന്നു.  

വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ, പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫര്‍ സി മില്ലര്‍, സംയുക്തസേനാധ്യക്ഷന്‍ ജനറല്‍ മാര്‍ക്ക് എ മില്ലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. രാജ്യാന്തര പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കണമെന്ന് ഇവര്‍ ട്രംപിനെ ഉപദേശിച്ചതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.   

ഇറാന്‍ വന്‍തോതില്‍ ആണവായുധങ്ങള്‍ ശേഖരിക്കുന്നതായി അന്താരാഷ്ട്ര നിരീക്ഷകര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് ആക്രമണ സാധ്യത ട്രംപ് ആരാഞ്ഞത്. അനുവദിക്കപ്പെട്ടതിനും 12 മടങ്ങ് ഇരട്ടിയാണ് ഇറാന്റെ യുറേനിയം ശേഖരം എന്ന് അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇറാനെതിരെ എന്തു നടപടി കൈക്കൊള്ളാനാകുമെന്നും യോഗത്തില്‍ ട്രംപ് ആരാഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com