കുട്ടികളെ ജനിപ്പിക്കൂ, പണം സർക്കാർ നൽകും; ദമ്പതികളോട് സിം​ഗപ്പൂർ 

സാമ്പത്തിക പ്രതിസന്ധി മൂലം ​ഗർഭം ധരിക്കാൻ വിമുഖത കാട്ടുന്ന മാതാപിതാക്കൾക്ക് പിന്തുണ നൽകാൻ സിം​ഗപ്പൂർ സർക്കാർ
കുട്ടികളെ ജനിപ്പിക്കൂ, പണം സർക്കാർ നൽകും; ദമ്പതികളോട് സിം​ഗപ്പൂർ 

കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും മൂലം ​ഗർഭം ധരിക്കാൻ വിമുഖത കാട്ടുന്ന മാതാപിതാക്കൾക്ക് സാമ്പത്തിക പിന്തുണ നൽകാൻ സിം​ഗപ്പൂർ സർക്കാർ. കൊറോണ കാലത്ത് ജോലി നഷ്ടമാവുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തതിനെത്തുടർന്ന്  ദമ്പതികൾ കുട്ടികൾ തൽക്കാലം വേണ്ടെന്ന നിലപാട് സ്വീകരിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. അതേസമയം ബോണസ് തുക സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

ലോകത്തിലെ മറ്റ് നിരവധി രാജ്യങ്ങളെപ്പോലെ കോവിഡ് വ്യാപനത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിൽ ഒന്നാണ് സിം​ഗപ്പൂർ. ഈ ഘട്ടത്തിൽ കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലേക്ക്‌  നിരവധി ദമ്പതിമാര്‍ എത്തിയതായി റിപ്പോർട്ടുകൾ ലഭിച്ചെന്ന് ഉപപ്രധാനമന്ത്രി ഹെങ് സ്വീ കീറ്റ് പറഞ്ഞു. തീരുമാനത്തിന് പിന്നിലെ സാഹചര്യം സർക്കാർ മനസ്സിലാക്കുന്നെന്നും സാമ്പിത്തിക സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ലോകത്തിലെ ഏറ്റവും കുറവ് ജനനനിരക്കുള്ള രാജ്യമായ സിം​ഗപ്പൂർ ഈ പ്രതിസന്ധി മറികടക്കുന്നതിന് പതിറ്റാണ്ടുകളായി ശ്രമിച്ചുവരികയാണ്. 2018ൽ രാജ്യം നേരിട്ടത് എട്ടുവർഷത്തെ ഏറ്റവും കുറഞ്ഞ പ്രത്യുൽപ്പാദന നിരക്കായിരുന്നു.  നിലവിലുള്ള ബേബി ബോണസ് പതിനായിരം സിം​ഗപ്പൂർ ഡോളർ വരെയാണ് മാതാപിതാക്കൾക്ക് നൽകുക. 

രാജ്യത്ത് 57,000ത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 27 മരണവും കോവിഡ് മൂലം ഉണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com