അവശിഷ്ടങ്ങള്‍ക്കിടയിലെ ജീവന്റെ തുടിപ്പ് നിലച്ചു; ആരേയും കണ്ടെത്താനായില്ല, നിരാശയില്‍ രക്ഷാസംഘം

അവശിഷ്ടങ്ങള്‍ക്കിടയില്‍ മിടിച്ച ഹൃദയത്തെ കണ്ടെത്താനായി നടത്തിയ തെരച്ചില്‍ നിരാശയില്‍ അവസാനിച്ചു.
അവശിഷ്ടങ്ങള്‍ക്കിടയിലെ ജീവന്റെ തുടിപ്പ് നിലച്ചു; ആരേയും കണ്ടെത്താനായില്ല, നിരാശയില്‍ രക്ഷാസംഘം

ബെയ്‌റൂട്ട്: അവശിഷ്ടങ്ങള്‍ക്കിടയില്‍ മിടിച്ച ഹൃദയത്തെ കണ്ടെത്താനായി നടത്തിയ തെരച്ചില്‍ നിരാശയില്‍ അവസാനിച്ചു. ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ ഒരുമാസത്തിന് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് നടത്തിയ തെരച്ചിലില്‍ ആരേയും കണ്ടെത്താനായില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. മൂന്നുദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് രക്ഷാപ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.  ചിലിയില്‍ നിന്നുള്ള പ്രത്യേക സംഘത്തിനൊപ്പം അമ്പതോളം രക്ഷാപ്രവര്‍ത്തകരാണ് തെരച്ചില്‍ നടത്തിയത്. 

'സാങ്കേതികമായി പറഞ്ഞാല്‍, അവിടെ ജീവന്റെ അടയാളങ്ങള്‍ ഒന്നുംതന്നെയില്ല'- ചിലിയില്‍ നിന്നുള്ള രക്ഷാ സംഘത്തിന്റെ തലവന്‍ ഫ്രാന്‍സിസ്‌കോ ലെര്‍മാന്റ ശനിയാഴ്ച വൈകുന്നേരം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങളുടെ 95 ശതമാനം ഭാഗത്തും തങ്ങള്‍ തെരച്ചില്‍ നടത്തിയെന്നും ഫ്രാന്‍സിസ്‌കോ വ്യക്തമാക്കി. 

'ഒരു ശതമാനമെങ്കിലും പ്രതീക്ഷയുണ്ടെങ്കില്‍  ദൗത്യം അവസാനിപ്പിക്കുമായിരുന്നില്ല' എന്നും ഫ്രാന്‍സിസ്‌കോ കൂട്ടിച്ചേര്‍ത്തു. രക്ഷാ സംഘത്തിന് ഒപ്പമെത്തിയ നായയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന് ആദ്യ സൂചന നല്‍കിയത്. പിന്നാലെ പ്രത്യേക സെന്‍സര്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ശ്വാസോച്ഛാസവും ഹൃദയമിടിപ്പും തിരിച്ചറിഞ്ഞത്. 

സൂക്ഷ്മമായ ശബ്ദങ്ങള്‍ തിരിച്ചറിയുന്നതിനായി ജനങ്ങളോട് നിശബ്ദമായിരിക്കാന്‍ ആവശ്യപ്പെട്ട ശേഷമാണ് തെരച്ചില്‍ നടത്തിയത്. ഒരു മിനിറ്റില്‍ 18 ശ്വാസചക്രം ആണ് സെന്‍സറില്‍ രേഖപ്പെടുത്തിയത്. കുട്ടിയുടെ ഹൃദയമിടിപ്പാണ് ഇതെന്നാണ് കരുതിയിരുന്നത്. ഓഗസ്റ്റ് നാലിനാണ് 191 പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനമുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com