നരേന്ദ്ര മോദി മഹാന്‍;  മരുന്നു വിലക്ക് നീക്കിയതിന് പിന്നാലെ പുകഴ്ത്തലുമായി ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
നരേന്ദ്ര മോദി മഹാന്‍;  മരുന്നു വിലക്ക് നീക്കിയതിന് പിന്നാലെ പുകഴ്ത്തലുമായി ട്രംപ്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍  അമേരിക്കയ്ക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് മോദിയെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയത്. മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. യുഎസില്‍ നിലവില്‍ 29 മില്യണ്‍ ഹോഡ്രോക്‌സി ക്ലോറോക്വിന്റെ ശേഖരം ഉണ്ട്. അതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ളതാണ്. നരേന്ദ്രമോദി മികച്ച നേതാവാണെന്നും മഹാനായ മനുഷ്യനാണെന്നും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വിട്ടുനല്‍കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും ട്രംപ് പറഞ്ഞു. 

മരുന്ന് കയറ്റുമതി നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുന്നുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മരുന്നു കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചു. 

അമേരിക്കയ്ക്ക് ഹൈഡ്രോസി ക്ലോറോക്വിന്റെ വലിയ ആവശ്യമുണ്ടെന്നും ഇന്ത്യ മരുന്നുകള്‍ വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അനുകൂലമായ പ്രതികരണം ഇന്ത്യയില്‍ നിന്ന് ഉണ്ടായില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.

'ഞായറാഴ്ച ഞാന്‍ മോദിയുമായി സംസാരിച്ചിരുന്നു. ഞങ്ങള്‍ക്കാവശ്യമുള്ള മരുന്ന് എത്തിച്ചു നല്‍കുന്നതിനെ ഞങ്ങള്‍ വിലമതിക്കും. ഇനി ഇപ്പോള്‍ അത് ചെയ്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല. പക്ഷെ തിരിച്ചടിയുണ്ടായേക്കാം. അതുണ്ടാവാതിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ', തിങ്കളാഴ്ച പ്രസ് കോണ്‍ഫറന്‍സില്‍ ട്രംപ് പറഞ്ഞു.

ഇതിന് പിന്നാലെ നിരോധനം പിന്‍വലിച്ച ഇന്ത്യ, കോവിഡ് 19 അതിരൂക്ഷമായി ബാധിച്ച ചില രാജ്യങ്ങളിലേക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നടത്തുമെന്ന് വ്യക്തമാക്കി. 

'എല്ലാ ഉത്തരവാദിത്തമുള്ള സര്‍ക്കാരുകളേയും പോലെ ഞങ്ങളുടെ ജനതയ്ക്ക് ആവശ്യമായ മരുന്ന് ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ പ്രാഥമിക പരിഗണന. ഇതിനോടൊപ്പം, താത്കാലികമായി ചുരങ്ങിയ അളവില്‍ മരുന്നുകള്‍ കയറ്റുമതി നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും'- വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com