'ആ ഫോണ്‍ചോര്‍ത്തലില്‍ ആടിയുലഞ്ഞത് യുഎസ് പ്രസിഡന്റ് പദം' ; ക്ലിന്റണ്‍-മോണിക്ക ലൈംഗിക വിവാദം പുറത്തെത്തിച്ച ലിന്‍ഡ ട്രിപ്പ് അന്തരിച്ചു

ക്ലിന്റനെതിരേ ഇംപീച്ച്‌മെന്റ് കുറ്റങ്ങള്‍ ചുമത്തപ്പെട്ടെങ്കിലും 21 ദിവസത്തെ വിചാരണക്കൊടുവില്‍ സെനറ്റ് കുറ്റവിമുക്തനാക്കി
'ആ ഫോണ്‍ചോര്‍ത്തലില്‍ ആടിയുലഞ്ഞത് യുഎസ് പ്രസിഡന്റ് പദം' ; ക്ലിന്റണ്‍-മോണിക്ക ലൈംഗിക വിവാദം പുറത്തെത്തിച്ച ലിന്‍ഡ ട്രിപ്പ് അന്തരിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണുമായി ബന്ധപ്പെട്ട ലൈംഗിക വിവാദം വെളിച്ചത്തുകൊണ്ടുവന്ന വനിത ലിന്‍ഡ ട്രിപ്പ് അന്തരിച്ചു. 70 വയസ്സായിരുന്നു. പാന്‍ക്രിയാസ് ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു ലിന്‍ഡ ട്രിപ്പ്. 

ബില്‍ ക്ലിന്റനും വൈറ്റ് ഹൗസ് ഇന്റേണായ മോണിക്ക ലെവിന്‍സ്‌കിയുമായുള്ള രഹസ്യബന്ധം പുറത്തെത്തിച്ചത് ലിന്‍ഡയുടെ രഹസ്യ ഫോണ്‍ ടേപ് റെക്കോഡിങ്ങുകളിലൂടെയായിരുന്നു. അത് ക്ലിന്റന്റെ ഇംപീച്ച്‌മെന്റ് നടപടിയിലേക്ക് വരെ നയിച്ചു. എന്നാല്‍ ക്ലിന്റനെ പിന്നീട് സെനറ്റ് കുറ്റവിമുക്തനാക്കുകയായിരുന്നു.

1997ല്‍ പെന്റഗണ്‍ ജീവനക്കാരിയായിരുന്നു ലിന്‍ഡ ട്രിപ്. വൈറ്റ് ഹൗസ് ഇന്റര്‍ണീയായിരുന്ന മോണിക്ക ലെവന്‍സ്‌കി ഒരിക്കല്‍ ഫോണ്‍ സംഭാഷണത്തിനിടെ പ്രസിഡന്റ് ക്ലിന്റണുമായുള്ള ബന്ധത്തെ കുറിച്ച് ട്രിപ്പിനോട് പറഞ്ഞു. ലിന്‍ഡെ ട്രിപ് ഇത് രഹസ്യമായി റെക്കോഡ് ചെയ്തു. പിന്നീട് മണിക്കൂറുകള്‍ നീണ്ട ടെലിഫോണ്‍ സംഭാഷണങ്ങള്‍ ലിന്‍ഡ അഭിഭാഷകനായ കെന്നത്തിനെ ഏല്‍പിക്കുകയും ചെയ്തു.

ക്ലിന്റണും മോണിക്കയും (ഫയൽ ചിത്രം)
ക്ലിന്റണും മോണിക്കയും (ഫയൽ ചിത്രം)

യു എസിലെ ആര്‍ക്കന്‍സോയില്‍ വൈറ്റ് നദീതീരത്ത് ക്ലിന്റനും ഭാര്യ ഹില്ലരിക്കും റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപമുണ്ടെന്ന വൈറ്റ് വാട്ടര്‍ വിവാദം അന്വേഷിക്കാന്‍ കെന്നത്ത് സ്റ്റാറിനെയായിരുന്നു യു എസ് നിയമമന്ത്രാലയം സ്വതന്ത്ര അഭിഭാഷകനായി നിയോഗിച്ചത്. കെന്നത്തിന്റെ കൈവശമെത്തിയ ഈ ഫോണ്‍സന്ദേശങ്ങളാണ് ക്ലിന്റന്റെ ഇംപീച്ച്‌മെന്റ് നടപടികളിലേക്കെത്തിച്ചത്. ഈ റെക്കോഡിങ്ങുകള്‍ മോണിക്ക ലെവന്‍സ്‌കിയെയും വര്‍ഷങ്ങളോളം വേട്ടയാടുകയും ചെയ്തു. 

ക്ലിന്റനെതിരേ ഇംപീച്ച്‌മെന്റ് കുറ്റങ്ങള്‍ ചുമത്തപ്പെട്ടെങ്കിലും 21 ദിവസത്തെ വിചാരണക്കൊടുവില്‍ സെനറ്റ് കുറ്റവിമുക്തനാക്കി. താന്‍ വഞ്ചിക്കപ്പെട്ടെന്നാണ് ലിന്‍ഡയുടെ ഫോണ്‍ ചോര്‍ത്തലിനെ അന്ന് മോണിക്ക വിശേഷിപ്പിച്ചത്. ലിന്‍ഡയുടെ രോഗം മൂര്‍ച്ചിച്ചത് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് പിന്തുണയറിയിച്ചു കൊണ്ട് മോണിക്ക ലെവന്‍സ്‌കി സന്ദേശമയച്ചിരുന്നു. അന്ന് ക്ലിന്റണെ ശിക്ഷിച്ചിരുന്നെങ്കില്‍ ലോകത്ത് മിടൂ മുന്നേറ്റം നേരത്തെ സംഭവിക്കുമായിരുന്നെന്ന് ലിന്‍ഡ അഭിപ്രായപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com