വിഷം ഉള്ളില്‍ച്ചെന്നത് എയര്‍പോര്‍ട്ടില്‍ നിന്നും കുടിച്ച ചായയില്‍ നിന്ന് ? ; അലക്‌സി നെവല്‍നി കോമയില്‍ തന്നെ ; പിന്നില്‍ പുടിനെന്ന് കുടുംബം

നെവല്‍നിക്ക് വേണ്ട എല്ലാ സഹായവും നല്‍കാമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വാഗ്ദാനം ചെയ്തു
വിഷം ഉള്ളില്‍ച്ചെന്നത് എയര്‍പോര്‍ട്ടില്‍ നിന്നും കുടിച്ച ചായയില്‍ നിന്ന് ? ; അലക്‌സി നെവല്‍നി കോമയില്‍ തന്നെ ; പിന്നില്‍ പുടിനെന്ന് കുടുംബം

മോസ്‌കോ : വിഷബാധയേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നെവല്‍നി കോമയില്‍ തുടരുന്നു. സൈബീരിയന്‍ നഗരമായ ഓംസ്‌കിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നെവല്‍നി. വിദഗ്ധ ചികില്‍സയ്ക്കായി നെവല്‍നിയെ ജര്‍മ്മനിയിലേക്ക് മാറ്റാനാണ് നെവല്‍നിയുടെ അനുയായികളുടെ തീരുമാനം. 

നെവല്‍നിയെ കൊണ്ടുപോകാനായി ബെര്‍ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിനിമ പോര്‍ പീസ് ഫൗണ്ടേഷന്‍ എയര്‍ ആംബുലന്‍സ് എത്തിച്ചിട്ടുണ്ട്. ജര്‍മ്മനിയില്‍ ചികില്‍സയ്ക്കുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അറിയിച്ചു. എന്നാല്‍ കോമയിലുള്ള അലക്‌സി നെവല്‍നിയെ ആശുപത്രിയില്‍ നിന്നും മാറ്റുന്നതിനെ ഡോക്ടര്‍മാര്‍ എതിര്‍ക്കുകയാണ്. 

നെവല്‍നിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. എന്നാലും ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും മാറ്റുന്നത് അദ്ദേഹത്തിന്‍രെ ജീവന് അപകടമാണെന്നും ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ അലക്‌സാണ്ടര്‍ മുറാകോവിസ്‌കി പറഞ്ഞു. ഓംസ്‌കില്‍ നിന്നും ജര്‍മ്മനിയിലേക്ക് 4200 കിലോമീറ്റര്‍ ദൂരമുണ്ട്. ഏതാണ്ട് ആറര മണിക്കൂറോളം യാത്ര ചെയ്യുന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

എന്നാല്‍ റഷ്യന്‍ പ്രസിഡന്റ്  വ്ലാദിമിർ പുടിന്റെ കടുത്ത വിമര്‍ശകനായ അലക്‌സി നെവല്‍നിയെ റഷ്യയില്‍ തന്നെ ചികില്‍സിക്കുന്നത് കൂടുതല്‍ ആപല്‍ക്കരമാണെന്നാണ് നെവല്‍നിയുടെ അനുയായികള്‍ പറയുന്നത്. പുടിന്റെ സൈന്യമാണ് നെവല്‍നിയ്ക്ക് വിഷം നല്‍കിയതെന്നും ഇവര്‍ ആരോപിക്കുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന നെവല്‍നിയെ കാണാന്‍ ഭാര്യയെയും പേഴ്‌സണല്‍ ഡോക്ടറെയും അനുവദിച്ചില്ലെന്നും, ചികില്‍സാ രേഖകള്‍ കാണിച്ചില്ലെന്നും നെവല്‍നിയുടെ വക്താവ് കിര യാര്‍മിഷ് ആരോപിച്ചു. 

ആശുപത്രിക്ക് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചികില്‍സാ സംബന്ധമായ വിവരങ്ങളൊന്നും പുറത്തുപോകരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നെവല്‍നിയെ റഷ്യയില്‍ തന്നെ ചികില്‍സിക്കുന്നത് ആപല്‍ക്കരമാണെന്നും, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റണമെന്നും കുടുംബം ആവശ്യപ്പെടുന്നു. നെവല്‍നിക്ക് വേണ്ട എല്ലാ സഹായവും നല്‍കാമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വാഗ്ദാനം ചെയ്തു. ചികില്‍സ അടക്കം എല്ലാ സഹായവും ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കലും അറിയിച്ചിട്ടുണ്ട്. 

സൈബീരിയന്‍ നഗരമായ ടോംസ്‌കില്‍ നിന്നും മോസ്‌കോയിലേക്ക് പോകാന്‍ എത്തിയതായിരുന്നു 44 കാരനായ അലക്‌സി നെവല്‍നി. വിമാനത്തില്‍ കയറും വരെ അലക്‌സി ആരോഗ്യവാനും ഉന്മേഷവാനും ആയിരുന്നു.അതിനാല്‍ തന്നെ വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷപദാര്‍ത്ഥം എത്തിയിരിക്കാനാണ് സാധ്യതയെന്നാണ് കുടുംബവും അനുയായികളും വിലയിരുത്തുന്നത്. വിമാനത്തില്‍ കയറും മുമ്പ്, എയർപോർട്ടിലെ ഒരു കഫേയിൽ നിന്നും അലക്സി ചായ കുടിച്ചിരുന്നു.  ഈ ചായയിലൂടെയാകും വിഷം ഉള്ളില്‍ എത്തിയതെന്നാണ് സംശയം. 

ചൂടു ദ്രാവകത്തിൽ കലർന്ന വിഷമായതിനാലാണ് ശരീരത്തിൽ പെട്ടെന്ന് വ്യാപിച്ചതെന്ന് ആരോ​ഗ്യവിദ​ഗ്ധർ നേരത്തെ അറിയിച്ചിരുന്നു. വിമാനത്തിനുള്ളില്‍ വെച്ച് അലക്‌സി ഒന്നും കഴിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്തിൽ വെച്ച് അലക്സി നെവൽനി വിയർക്കുകയും ബാത്റൂമിൽ പോയ അദ്ദേഹം കുഴഞ്ഞു വീഴുകയുമായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം അബോധാവസ്ഥയിലായി. 

അതോടെ പറയുന്നയര്‍ന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിമാനത്തില്‍ വെച്ച് അലക്സി വേദനകൊണ്ട് പുളയുകയായിരുന്നുവെന്ന് സഹയാത്രികര്‍ പറയുന്നു. അലക്‌സിക്ക് ചായ നല്‍കിയശേഷം ജീവനക്കാരന്‍ അപ്രത്യക്ഷനായതായി വിമാനത്താവളത്തിലെ കഫേ മാനേജര്‍ പറയുന്നത്. അലക്‌സി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ പൊലീസ് എത്തി കഫേ അടപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com