30 സെക്കൻഡിനുള്ളിൽ കൊറോണ വൈറസിനെ നശിപ്പിക്കും, ഓയിന്റ്മെന്റുമായി അമേരിക്കൻ കമ്പനി 

മൂക്കിലൂടെ വൈറസ് അകത്തുകടക്കുന്നത് ഈ ഓയിന്റ്മെന്റിന്റെ ഉപയോ​ഗം വഴി തടയാനാകും 
30 സെക്കൻഡിനുള്ളിൽ കൊറോണ വൈറസിനെ നശിപ്പിക്കും, ഓയിന്റ്മെന്റുമായി അമേരിക്കൻ കമ്പനി 

വാഷിങ്ടൺ: കോവിഡിനെ ചെറുക്കാൻ അമേരിക്കൻ ഫാർമ കമ്പനിയുടെ ഓയിന്റ്മെന്റ് വിപണിയിലെത്തുന്നു. കൊറോണ വൈറസ് ശരീരത്തിനകത്തു കയറുന്നതു തടയാനുള്ള ആദ്യ പ്രതിരോധ മാർ​ഗ്​ഗമായി ഈ ഓയിന്റ്മെന്റ് ഉപയോ​ഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇതിന് അനുമതിയും നൽകിയിട്ടുണ്ട്. 

അഡ്വാൻസ് പെനിട്രേഷൻ ടെക്നോളജി (എപിടി) എന്ന ഫാർമാ കമ്പനിയാണ് ഓയിന്റ്മെന്റ് അവതരിപ്പിച്ചത്. കൊറോണ വൈറസ് അടക്കമുള്ള അണുബാധകളെ ഈ ഓയിന്റ്മെന്റ് നശിപ്പിക്കുമെന്ന് തെളിഞ്ഞതായി പഠനവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞർ പറഞ്ഞു. ഓയിൻറ്മെൻറ് പുരട്ടി 30 സെക്കൻഡിനുള്ളിൽ വൈറസ് നശിക്കുമെന്നാണ് ലാബ് റിപ്പോർട്ടുകൾ കാണിക്കുന്നന്നത്.

കോവിഡ് കണ്ടെത്തിയ പലരിലും വൈറസ് ബാധയുണ്ടായത് മൂക്കിലൂടെയാണെന്നാണ് പഠനങ്ങളിൽ പറയുന്നത്. മൂക്കിലൂടെ വൈറസ് അകത്തുകടക്കുന്നത് ഈ ഓയിന്റ്മെന്റിന്റെ ഉപയോ​ഗം വഴി തടയാനാകുമെന്ന് തെളിഞ്ഞതായി എപിടി കമ്പനി സിഇഒയും സ്ഥാപകനുമായ ഡോ. ബ്രയാൻ ഹൂബർ പറഞ്ഞു.  അതേസമയം വായിലൂടെയും കണ്ണിലൂടെയും വൈറസ് ശരീരത്തിൽ പ്രവേശിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. 

എട്ടു വർഷം മുൻപ് ബാക്റ്റീരിയയെ ചെറുക്കാൻ വികസിപ്പിച്ച ഓയിൻറ്മെൻറാണ് പുതിയ പരീക്ഷണങ്ങളിലൂടെ കോവിഡ് വൈറസിനെതിരേ ഉപയോഗിക്കുന്നത്. ഓയിന്റ്മെന്റ് ഉപയോ​ഗിക്കാൻ വളരെ എളുപ്പമാണെന്നും കുറിപ്പടിയില്ലാതെ ഏതു മരുന്നു കമ്പനിയിൽ നിന്നും ഇത് വാങ്ങാനാകുമെന്നും എപിടി അറിയിച്ചു. ടി3എക്സ് എന്ന പേരിലാണ് ഓയിന്റ്മെന്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാർശ്വഫലങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com