രണ്ട് ദിവസം മുന്‍പ് വാട്‌സാപ്പിലൂടെ പരിചയപ്പെട്ടു; യുവാവിന് ലൈംഗിക ബന്ധത്തിന് ക്ഷണം; കത്തിമുനയില്‍ കൊള്ളയടിച്ച യുവതി കുടുങ്ങി

അറസ്റ്റിലായ യുവതിയുടെ ഫോണില്‍ ഇയാളുമായി നടത്തിയ ചാറ്റുകള്‍ പൊലീസ് പരിശോധിച്ചു - നിരവധി ചിത്രങ്ങള്‍ പരസ്പരം കൈമാറിയിരുന്നു 
രണ്ട് ദിവസം മുന്‍പ് വാട്‌സാപ്പിലൂടെ പരിചയപ്പെട്ടു; യുവാവിന് ലൈംഗിക ബന്ധത്തിന് ക്ഷണം; കത്തിമുനയില്‍ കൊള്ളയടിച്ച യുവതി കുടുങ്ങി

അജ്മാന്‍: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും ഇയാളുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് കൊള്ളയടിക്കുകയും ചെയ്ത കേസില്‍ രണ്ട് സ്ത്രീകളില്‍ ഒരാള്‍ക്ക് ജീവപര്യന്തം ശിക്ഷ. വാട്‌സാപ്പ് വഴിയാണ് യുവതിയുമായി അറബ് യുവാവ് ചാറ്റ് ചെയ്തിരുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യം പ്രകടിപ്പിച്ച 34 വയസ്സുള്ള യുവതി ഇരയായ വ്യക്തിയുടെ അപാര്‍ട്ട്‌മെന്റില്‍ എത്തി. ഇവിടെ വച്ച് മറ്റൊരു പെണ്‍സുഹൃത്തിന്റെ സഹായത്തോടെ യുവാവിനെ കത്തിമുനയില്‍ നിര്‍ത്തി ഇയാളുടെ കൈവശമുണ്ടായിരുന്ന പണവും ബാങ്ക് കാര്‍ഡുകളും കൊള്ളയടിക്കുകയായിരുന്നു. ആഫ്രിക്കന്‍ സ്വദേശികളായ യുവതികളാണ് കൃത്യത്തിന് പിന്നില്‍. യുവതിയുടെ സഹായിയായ സ്ത്രീ ഒളിവിലാണ്.
 
വാട്‌സാപ്പിലൂടെയുള്ള ചാറ്റിങ്ങിനു ശേഷം അജ്മാനിലെ തന്റെ അപാര്‍ട്‌മെന്റിലേക്ക് യുവതിയെ യുവാവ് ക്ഷണിച്ചു. അര്‍ധരാത്രി യുവതിയും സുഹൃത്തുംകൂടെ അപാര്‍ട്ട്‌മെന്റിലേക്ക് എത്തുകയും കത്തിമുനയില്‍ നിര്‍ത്തി ഇയാളുടെ കൈവശമുണ്ടായിരുന്ന 2700 ദിര്‍ഹവും ബാങ്ക് ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉള്‍പ്പെട്ട പഴ്‌സും എടുക്കുകയായിരുന്നു. യുവതികളില്‍ ഒരാള്‍ ഈ കാര്‍ഡുകളുമായി പുറത്തേക്ക് പോവുകയും കാര്‍ഡിന്റെ പിന്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് മറ്റേ യുവതി യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിനു ശേഷം ഇയാള്‍ അല്‍ ഹൈമദീയ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുന്‍പാണ് യുവതിയുമായി വാട്‌സാപ്പ് ചാറ്റ് തുടങ്ങിയത് എന്നാണ് ഇരയായ വ്യക്തി പറയുന്നത്. രാത്രി 1.30ന് അവര്‍ അപാര്‍ട്ട്‌മെന്റില്‍ എത്തി. വാതില്‍ തുറന്നപ്പോള്‍ രണ്ടു സ്ത്രീകള്‍ കത്തിയുമായി മുറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ഇയാള്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. യുവാവിനെ മര്‍ദിച്ച സ്ത്രീകള്‍ ഇയാളെ കട്ടിലില്‍ കെട്ടിയിടുകയും ചെയ്തു. അറസ്റ്റിലായ യുവതിയുടെ ഫോണില്‍ ഇയാളുമായി നടത്തിയ ചാറ്റുകള്‍ പൊലീസ് പരിശോധിച്ചു. നിരവധി ചിത്രങ്ങള്‍ കൈമാറിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com