പാകിസ്ഥാന് കനത്ത തിരിച്ചടി ; ക്ലീന്‍ ചിറ്റില്ല,  ഗ്രേ പട്ടികയില്‍ തന്നെ നിലനിര്‍ത്താന്‍ എഫ്എടിഎഫ് തീരുമാനം

ഭീകരത തടയാന്‍ പാകിസ്ഥാന്‍ സ്വീകരിച്ച നടപടികള്‍ പോരായെന്ന് വിലയിരുത്തിയാണ് സമിതിയുടെ തീരുമാനം
പാകിസ്ഥാന് കനത്ത തിരിച്ചടി ; ക്ലീന്‍ ചിറ്റില്ല,  ഗ്രേ പട്ടികയില്‍ തന്നെ നിലനിര്‍ത്താന്‍ എഫ്എടിഎഫ് തീരുമാനം

പാരീസ്: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി. പാകിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കാനാവില്ലെന്നും, ഗ്രേ പട്ടികയില്‍ തന്നെ നിലനിര്‍ത്താനും പാരീസില്‍ ചേര്‍ന്ന എഫ്എടിഎഫ് പ്ലീനറി യോഗം തീരുമാനിച്ചു. 2020 ജൂണ്‍ വരെ ഗ്രേ പട്ടികയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഉപരോധം തുടരാനാണ് തീരുമാനം.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്നത് നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്. ഭീകരത തടയാന്‍ പാകിസ്ഥാന്‍ സ്വീകരിച്ച നടപടികള്‍ പോരായെന്ന് വിലയിരുത്തിയാണ് സമിതിയുടെ തീരുമാനം.

ഭീകരപ്രവര്‍ത്തനം തടയാന്‍ സ്വീകരിച്ച നടപടികള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ 650 പേജുള്ള റിപ്പോര്‍ട്ട് എഫ്എടിഎഫിന് സമര്‍പ്പിച്ചിരുന്നു. ഭീകരസംഘടനകളായ ലഷ്‌കര്‍ ഇ -തയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയ്ക്ക് ഫണ്ട് ലഭിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികളും, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചയാളുമായ ഹാഫിസ് സയീദിനെ ശിക്ഷിച്ച് ജയിലില്‍ അടച്ചതുമെല്ലാം റിപ്പോര്‍ട്ടില്‍ വിവരിച്ചിരുന്നു.

പാകിസ്ഥാന്റെ തുടര്‍നടപടികള്‍ നിരീക്ഷിച്ചശേഷം, ഗ്രേ പട്ടികയില്‍ നിന്നും ഒഴിവാക്കണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ എഫ്എടിഎഫിന്റെ ഒക്ടോബറില്‍ ചേരുന്ന അടുത്ത പ്ലീനറിയോഗം പരിഗണിക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഗ്രേ പട്ടികയില്‍ തുടരുന്നതോടെ, ഐ.എം.എഫ്. ലോകബാങ്ക് തുടങ്ങിയ ധനകാര്യ ഏജന്‍സികളുടെ സാമ്പത്തികസഹായം ലഭിക്കാന്‍ പാകിസ്ഥാന് ബുദ്ധിമുട്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com