ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായേല്‍ ഖാസി ഖുദ്‌സ് ഫോഴ്‌സിന്റെ പുതിയ മേധാവി ; സുലൈമാനിയുടെ പിന്‍ഗാമിയെ നിയമിച്ച് ഇറാന്‍

സുലൈമാനി കൊല്ലപ്പെട്ട് 12 മണിക്കൂറിനകമാണ് ചാരസംഘത്തിന് പുതിയ തലവനെ പ്രഖ്യാപിച്ചത്
ജനറല്‍ ഇസ്മായില്‍ ഖാനി
ജനറല്‍ ഇസ്മായില്‍ ഖാനി

ടെഹ്‌റാന്‍ : ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ മേധാവിയായി ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനിയെ നിയമിച്ചു. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ പിന്‍ഗാമിയാണ് ഖാനിയുടെ നിയമനം. ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനിയാണ്  ഖാനിയെ നിയമിച്ചത്. 

സുലൈമാനിയുടെ നേതൃത്വത്തിന്‍ കീഴില്‍ ഡെപ്യൂട്ടിയായിരുന്നു ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനി. ഖാസിം സുലൈമാനിയുടെ കാലത്തെ നയങ്ങളില്‍ നിന്നും ഒരു മാറ്റവും തുടര്‍ന്നും ഉണ്ടാകില്ലെന്ന് ഖൊമേനി പറഞ്ഞു. സുലൈമാനി കൊല്ലപ്പെട്ട് 12 മണിക്കൂറിനകമാണ് ചാരസംഘത്തിന് പുതിയ തലവനെ പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡോമാരിലൊരാള്‍ എന്നാണ് ഖാസിയെ ആയത്തൊള്ള ഖൊമേനി വിശേഷിപ്പിച്ചത്. 

ഖാസിം സുലൈമാനിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്ന ഇസ്മായില്‍ ഖാനി, 1980 ലെ ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇസ്ലാമിക് റവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിലും ജനറല്‍ ഇസ്മായില്‍ ഖാനി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുലൈമാനിയെപ്പോലെ, ഇസ്രായേലിന്റെ കടുത്ത വിരോധിയാണ് ജനറല്‍ ഇസ്മായേല്‍ ഖാനിയും. സിറിയിന്‍ ആഭ്യന്തര യുദ്ധത്തിലെ ഇറാന്റെ ഇടപെടലുകളില്‍ ഖാനിയും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്‍ ചാര തലവന്‍ ഖാസിം സുലൈമാനി അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടത്. പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.

സുലൈമാനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയ്‌ക്കെതിരെ തീവ്രമായ തിരിച്ചടിയുണ്ടാകുമെന്ന് റവലൂഷണറി ഗാര്‍ഡ് മുന്‍ മേധാവിയും മുന്നറിയിപ്പ് നല്‍കി. യുഎസ് നടപടി അങ്ങേയറ്റം അപകടകരവും വിഡ്ഢിത്തവുമാണ്. ഈ സാഹസികതയുടെ എല്ലാ അനന്തരഫലങ്ങളുടേയും ഉത്തരവാദിത്വം യുഎസിനായിരിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com