ബഗ്ദാദില്‍ വീണ്ടും അമേരിക്കൻ വ്യോമാക്രമണം ; ആറുപേര്‍ കൊല്ലപ്പെട്ടു ; യുഎസ് പൗരന്മാരോട് ഇറാഖ് വിടാന്‍ നിര്‍ദേശം

ഇറാന്റെ ചാരസേനാ തലവന്‍ ഖാസിം സൊലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് വീണ്ടും ആക്രമണം
ബഗ്ദാദില്‍ വീണ്ടും അമേരിക്കൻ വ്യോമാക്രമണം ; ആറുപേര്‍ കൊല്ലപ്പെട്ടു ; യുഎസ് പൗരന്മാരോട് ഇറാഖ് വിടാന്‍ നിര്‍ദേശം

ബഗ്ദാദ്: ഇറാഖിലെ ബഗ്ദാദില്‍ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം. ഇറാന്‍ പൗരസേനയ്ക്ക് എതിരെയാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ പൗരസേനയുടെ ആറുപേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബഗ്ദാദിലെ ടാജി റോഡിലാണ് യുഎസ് ആക്രമണമുണ്ടായതെന്ന് ഇറാഖ് സ്ഥിരീകരിച്ചു. രണ്ട് കാറുകള്‍ ആക്രമണത്തില്‍ തകര്‍ന്നു . ഇറാന്റെ ചാരസേനാ തലവന്‍ ഖാസിം സൊലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് വീണ്ടും ആക്രമണം.

പുലര്‍ച്ചെ 1.15 ഓടെയായിരുന്നു അമേരിക്കയുടെ ആക്രമണം. രണ്ട് വാഹനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. നാല് പേര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ സംഘര്‍ഷം വീണ്ടും ഉരുണ്ടുകൂടിയ സാഹചര്യത്തില്‍ ഇറാഖിലുള്ള യുഎസ് പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ അമേരിക്ക നിര്‍ദേശം നല്‍കി. സൈനിക മേധാവി സുലൈമാനിയുടെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇറാഖിലെ സൈനികശേഷി വര്‍ധിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചു. അയ്യായിരം അമേരിക്കന്‍ സൈനികരാണ് ഇപ്പോള്‍ ഇറാഖിലുള്ളത്. മേഖലയില്‍ മൂവായിരം പേരെ കൂടി വിന്യസിക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഖാസിം സൊലൈമാനിയെ വധിച്ചത് യുദ്ധം തുടങ്ങാനല്ല, മറിച്ച് അവസാനിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷ മുന്‍നിര്‍ത്തി സമാധാനത്തിന് വേണ്ടി നടത്തിയ ആക്രമണമെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. ഖാസിം സൊലൈമാനിയുടെ വധത്തില്‍ ഇസ്രയേല്‍ അനുകൂലിച്ചപ്പോള്‍ മറ്റ് ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. സുലൈമാനിയുടെ വധത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആയത്തുള്ള അലി ഖുമൈനി പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com