സീത മാത്രമല്ല ശ്രീരാമനും നേപ്പാള്‍ സ്വദേശി, അയോധ്യ കാഠ്മണ്ഡുവിന് തൊട്ടടുത്തുളള ചെറിയ ഗ്രാമം: നേപ്പാള്‍ പ്രധാനമന്ത്രി 

ശ്രീരാമന്‍ ജനിച്ച് വളര്‍ന്നത് നേപ്പാളിലെന്ന അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി
സീത മാത്രമല്ല ശ്രീരാമനും നേപ്പാള്‍ സ്വദേശി, അയോധ്യ കാഠ്മണ്ഡുവിന് തൊട്ടടുത്തുളള ചെറിയ ഗ്രാമം: നേപ്പാള്‍ പ്രധാനമന്ത്രി 

കാഠ്മണ്ഡു: ശ്രീരാമന്‍ ജനിച്ച് വളര്‍ന്നത് നേപ്പാളിലെന്ന അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി. അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയുമായുളള ബന്ധം വഷളായി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കെ പി ശര്‍മ്മ ഒലിയുടെ അഭിപ്രായപ്രകടനം. 

സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കവേയാണ് ശ്രീരാമന്‍ നേപ്പാള്‍ സ്വദേശിയായിരുന്നുവെന്ന അവകാശവാദം നേപ്പാള്‍ പ്രധാനമന്ത്രി ഉന്നയിച്ചത്. ശ്രീരാമന്റെ ജന്മസ്ഥലമെന്നു ഹിന്ദുമതവിശ്വാസികള്‍ കരുതുന്ന അയോധ്യ യഥാര്‍ഥത്തില്‍ നേപ്പാളിലാണ്. തലസ്ഥാനമായ കാഠ്മണ്ഡുവിന് 135 കിലോമീറ്റര്‍ അകലെയുളള  ബിര്‍ഗുഞ്ച് ജില്ലയ്ക്ക് സമീപമുള്ള ചെറിയ ഗ്രാമമാണ് അയോധ്യ. നേപ്പാളാണ് സീതയെ രാമന് നല്‍കിയത്  എന്നാണ് വിശ്വാസം. യഥാര്‍ത്ഥത്തില്‍ രാമനെ നല്‍കിയതും നേപ്പാള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാളിന്റെ സംസ്‌കാരം ഇന്ത്യ അടിച്ചമര്‍ത്തുകയും പിടിച്ചെടുക്കുകയും ചെയ്തതായും ഔദ്യോഗിക വസതിയില്‍ നടന്ന പരിപാടിയില്‍ ഒലി ആരോപിച്ചു. ശാസ്ത്ര മേഖലയില്‍ നേപ്പാളിന്റെ സംഭാവനകളെ വില കുറച്ചു കാണുകയാണ്. സാംസ്‌കാരികമായി തങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. വസ്തുതകള്‍ അപഹരിക്കപ്പെട്ടെന്നും ഒലി പറഞ്ഞു. 

ഉത്തര്‍ പ്രദേശിലെ നഗരമാണ് ഇന്നത്തെ അയോധ്യ. നേപ്പാള്‍ പ്രധാനമന്ത്രിയുടെ പുതിയ അവകാശവാദമെത്തിയതോടെ വിമര്‍ശനവുമായി ശ്രീരാമ ഭക്തരും രംഗത്തുവരുന്നുണ്ട്. ഇന്ത്യന്‍ പ്രദേശങ്ങള്‍ക്കു മേല്‍ അവകാശവാദമുന്നയിച്ച് നേപ്പാള്‍ പുതിയ ഭൂപടം ഇറക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് കെ പി ശര്‍മ ഒലിയുടെ പുതിയ അവകാശവാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com