പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം, അല്ലെങ്കില്‍ പിഴ ; പ്രസിഡന്റിനോട് കോടതി

പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങുമ്പോഴും, പാര്‍ട്ടി റാലികളില്‍ അടക്കം സംബന്ധിക്കുമ്പോഴും ബോല്‍സെനാരോ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല
പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം, അല്ലെങ്കില്‍ പിഴ ; പ്രസിഡന്റിനോട് കോടതി


റിയോഡി ജനീറോ : പൊതുജനമധ്യത്തില്‍ ഇറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോയ്ക്ക് കോടതിയുടെ താക്കീത്. ഉത്തരവ് പാലിച്ചില്ലെങ്കില്‍ പ്രസിഡന്റ് പ്രതിദിനം 387 ഡോളര്‍ പിഴ അടയ്ക്കണമെന്നും ജഡ്ജി ഉത്തരവിട്ടു. ബ്രസീലിലെ ഫെഡറല്‍ ജഡ്ജി റെനാറ്റോ ബോറെല്ലിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങുമ്പോഴും, പാര്‍ട്ടി റാലികളില്‍ അടക്കം സംബന്ധിക്കുമ്പോഴും ബോല്‍സെനാരോ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പ്രസിഡന്റിന്റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി  ഉത്തരവ്.

കോവിഡ് രോഗവ്യാപനം തടയുക ലക്ഷ്യമിട്ട് ബ്രസീലിയ ഫെഡറല്‍ ഭരണകൂടം ഏപ്രില്‍ 30 ന് പൊതുജനങ്ങള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മാസ്‌ക് ധരിക്കാന്‍ പ്രസിഡന്റ് വിമുഖത കാട്ടുകയായിരുന്നു.

കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് അടക്കം പരിഗണിച്ചുവരുന്നതായി പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു. രാജ്യത്ത് കോവിഡ് രോഗവ്യാപനം വഷളാകുന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് പ്രസിഡന്റ് ബോല്‍സനാരോയുടെ പ്രവൃത്തികളെന്ന് സാവോ പോളോ ഗവര്‍ണര്‍ ജോവ ഡോറിയ വിമര്‍ശിച്ചു.

കോവിഡ് രോഗവ്യാപനത്തില്‍ ലോകത്ത് ഏറ്റവും അധികം ഗുരുതരമായ അവസ്ഥയാണ് ബ്രസീലിലേത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1364 പേരാണ് ബ്രസീലില്‍ മരിച്ചത്. ഇന്നലെ മാത്രം നാല്‍പ്പതിനായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 11,51,479 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം അരലക്ഷം കടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com