ഒസാമ ബിന്‍ ലാദന്‍ രക്തസാക്ഷിയെന്ന് ഇമ്രാന്‍ ഖാന്‍; പാകിസ്ഥാനെ തകര്‍ത്ത ഭീകരനെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍, പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം

അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ രൂക്ഷ വിമര്‍ശനം
ഒസാമ ബിന്‍ ലാദന്‍ രക്തസാക്ഷിയെന്ന് ഇമ്രാന്‍ ഖാന്‍; പാകിസ്ഥാനെ തകര്‍ത്ത ഭീകരനെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍, പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം

ഇസ്ലാമാബാദ്: അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ രൂക്ഷ വിമര്‍ശനം. രാജ്യത്തെ തകര്‍ത്ത ബിന്‍ ലാദനെയാണ് ഇമ്രാന്‍ ഖാന്‍ രക്തസാക്ഷി എന്ന് വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് ഖവാജ ആസിഫ് പാര്‍ലമെന്റില്‍ വിമര്‍ശിച്ചു. പാകിസ്ഥാന്‍ പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്തത്. ഇമ്രാന്‍ ഖാന്‍ സംസാരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

'ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ നമ്മള്‍ അമേരിക്കയെ സഹായിച്ചു. എന്നാല്‍, എന്റെ രാജ്യം അപമാനം നേരിട്ടു. ഭീകരതക്കെതിരെയുള്ള യുദ്ധത്തെ സഹായിച്ച മറ്റൊരു രാജ്യവും ഇങ്ങനെ വിമര്‍ശിക്കപ്പെട്ടിട്ടില്ല. അബോട്ടാബാദില്‍ അമേരിക്ക ഒസാമ ബിന്‍ ലാദനെ വധിച്ചു. ബിന്‍ ലാദന്‍ രക്തസാക്ഷിയായി. പക്ഷേ എന്തു സംഭവിച്ചു. മുഴുവന്‍ ലോകവും നമ്മളെ കുറ്റപ്പെടുത്തി. നമ്മുടെ സഖ്യരാഷ്ട്രം(അമേരിക്ക) നമ്മോട് ആലോചിക്കുക പോലും ചെയ്യാതെ നമ്മുടെ രാജ്യത്ത് കടന്ന് ലാദനെ കൊലപ്പെടുത്തി. ഇത് വലിയ അപമാനമാണ്'- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

2011ലാണ് യുഎസ് സൈന്യം പാകിസ്ഥാനിലെ അബോട്ടാബാദിലെ ഒളിത്താവളത്തില്‍ വച്ച് ഒസാമ ബിന്‍ലാദനെ വധിക്കുന്നത്. ആത്യന്തികമായി ഒരു തീവ്രവാദിയാണ് ബിന്‍ ലാദന്‍ എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഖവാജ ആസിഫ് രാജ്യത്തെ തകര്‍ത്ത ആളാണെന്നും പാര്‍ലമെന്റില്‍ വാദിച്ചു. ഇയാളെയാണ് ഇമ്രാന്‍ഖാന്‍ രക്തസാക്ഷി എന്ന് വിളിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഭീകരവാദത്തെ പ്രീണിപ്പിക്കുന്ന നയമാണ് ഇമ്രാന്‍ഖാന്‍ സ്വീകരിക്കുന്നതെന്ന് പാകിസ്ഥാന്‍ പീപ്പീള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com