ഹെല്‍മറ്റുമായി പൊലീസ് അടുത്തുവന്നാല്‍ പനിയറിയാം; കൊറോണ രോഗികളെ കണ്ടെത്താന്‍ പുതിയ വിദ്യയുമായി ചൈന

പനിയുള്ളവര്‍ അഞ്ച് മീറ്റര്‍ ചുറ്റളവില്‍ എത്തിയാല്‍ അലാറാം മുഴങ്ങുന്ന തരത്തിലാണ് ഹെല്‍മെറ്റ് സജ്ജമാക്കിയിരിക്കുന്നത്.
ഹെല്‍മറ്റുമായി പൊലീസ് അടുത്തുവന്നാല്‍ പനിയറിയാം; കൊറോണ രോഗികളെ കണ്ടെത്താന്‍ പുതിയ വിദ്യയുമായി ചൈന

ബീജിങ്:  കൊറോണ വൈറസ് ബാധയെ ചെറുക്കുന്നതിനായി നൂതന വിദ്യയുമായി ചൈന. സ്മാര്‍ട്ട് നെറ്റ് വര്‍ക്ക് സംവിധാനമുള്ള പുതിയ ഹെല്‍മറ്റാണ് ഇതിനായി കണ്ടെത്തിയത്. ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയാണ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍, ജനക്കൂട്ടത്തില്‍ അസാധാരണമായ താപനിലയുള്ള ആളുകളെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്നവിധത്തിലാണ് ഹെല്‍മറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിന് ഉപയോഗപ്രദമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചൈനയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ 'സ്മാര്‍ട്ട് ഹെല്‍മെറ്റ്' ഉപയോഗിക്കുന്ന രസകരമായ ഒരു വീഡിയോ പീപ്പിള്‍സ് ഡെയ്‌ലിയാണ് പങ്കുവച്ചത്.   കൊറോണ വൈറസ് ബാധിച്ചവരെ തിരിച്ചറിയാന്‍ 'ഇന്‍ഫ്രാറെഡ് ടെമ്പറേച്ചര്‍ ഡിറ്റക്ടറും കോഡ് റീഡ് ക്യാമറകളും ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട് ഹെല്‍മെറ്റുകള്‍ ചൈനക്ക് അനുയോജ്യമാണെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടത്.

പനിയുള്ളവര്‍ അഞ്ച് മീറ്റര്‍ ചുറ്റളവില്‍ എത്തിയാല്‍ അലാറാം മുഴങ്ങുന്ന തരത്തിലാണ് ഹെല്‍മെറ്റ് സജ്ജമാക്കിയിരിക്കുന്നത്. പനിയാണ് കൊറോണയുടെ പ്രധാനലക്ഷണം. അതുകൊണ്ടാണ് ഇത്തരത്തിലുള്ള  ഹെല്‍മറ്റ് നിര്‍മ്മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com