പൊരിഞ്ഞ വാക്കേറ്റം; യാത്രക്കാരന് എയർഹോസ്റ്റസിന്റെ വക കരണത്തടി; തിരിച്ചടിച്ച് യാത്രക്കാരൻ (വീഡിയോ)

പൊരിഞ്ഞ വാക്കേറ്റം; യാത്രക്കാരന്റെ കരണത്തടിച്ച് എയർഹോസ്റ്റസ്; തിരിച്ചടിച്ച് യാത്രക്കാരൻ (വീഡിയോ)
പൊരിഞ്ഞ വാക്കേറ്റം; യാത്രക്കാരന് എയർഹോസ്റ്റസിന്റെ വക കരണത്തടി; തിരിച്ചടിച്ച് യാത്രക്കാരൻ (വീഡിയോ)

ബ്രസല്‍സ്: വിമാനത്തിനുള്ളില്‍ യാത്രക്കാരനും കാബിന്‍ ക്രൂവും തമ്മിലുണ്ടായ പൊരിഞ്ഞ വാക്കേറ്റത്തിനിടെ എയര്‍ ഹോസ്റ്റസിന്റെ വക യാത്രക്കാരന് കരണത്തടി. ഒട്ടും താമസിച്ചില്ല യാത്രക്കാരനും തിരിച്ചടിച്ചു. ബ്രസല്‍സ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് വെള്ളിയാഴ്ച രാവിലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അടിയുടെയും തിരിച്ചടിയുടെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.

ഭാര്യാ മാതാവിന്റെ സീറ്റിന് ഇരുവശവും ഇരുന്നവര്‍ അപമര്യാദയായി പെരുമാറിയെന്നും വിഷയത്തില്‍ വിമാന ജീവനക്കാര്‍ ഇടപെട്ടില്ലെന്നുമായിരുന്നു യാത്രക്കാരന്റെ പരാതി. വരിയില്‍ മധ്യ ഭാഗത്തായിരുന്നു ഇവരുടെ സീറ്റ്. തുടര്‍ന്ന് യാത്രക്കാരന്‍ തന്റെ പ്രതിഷേധം ക്രൂ അംഗങ്ങളെ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ ശാന്തനാക്കാന്‍ പുരുഷനായ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

തുടര്‍ന്ന് ഫ്‌ളെറ്റ് അറ്റന്‍ഡന്റുമാരുടെ സൂപ്പര്‍വൈസറായ സ്ത്രീ എത്തുകയും യാത്രക്കാരനോട് സംസാരിക്കുകയും ചെയ്തു. എന്നാല്‍ ശാന്തനാകാന്‍ യാത്രക്കാരന്‍ ഒരുക്കമായിരുന്നില്ല. മര്യാദയില്ലാത്ത പെരുമാറ്റം താങ്കളെ വലിയ കുഴപ്പത്തിലാക്കുമെന്ന് ഈ സ്ത്രീ യാത്രക്കാരന് മുന്നറിയിപ്പ് കൊടുക്കുന്നുമുണ്ട്. തുടര്‍ന്ന് യാത്രക്കാരനില്‍ നിന്ന് തെറിച്ച തുപ്പല്‍ മുഖത്തുനിന്ന് സൂപ്പര്‍വൈസര്‍ തുടച്ചുമാറ്റുകയും അയാളുടെ മുഖത്തടിക്കുകയുമായിരുന്നു. തൊട്ടുപിന്നാലെ യാത്രക്കാരനും സൂപ്പര്‍വൈസറുടെ മുഖത്തടിച്ചു. തുടര്‍ന്ന് വിമാന ജീവനക്കാര്‍ ഇടപെടുകയും യാത്രക്കാരനെ കീഴ്‌പ്പെടുത്തുകയും ചെയ്തു. 

കാര്‍മന്‍ മൂര്‍ എന്നയാളാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഭാര്യാ മാതാവിന്റെ സീറ്റിന് ഇരുവശത്തും ഇരുന്ന പുരുഷന്മാരായ യാത്രക്കാര്‍ സൃഷ്ടിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് പരാതി ഉന്നയിക്കുകയായിരുന്നു യാത്രക്കാരനെന്ന് കാര്‍മന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. എന്നാല്‍ വിഷയത്തില്‍ സഹായിക്കാനാവില്ലെന്ന നിലപാടായിരുന്നു സൂപ്പര്‍വൈസര്‍ സ്വീകരിച്ചതെന്നും മൂര്‍ കൂട്ടിച്ചേര്‍ത്തു. യാത്രക്കാരന്റെ ഭാര്യാ മാതാവിന് ബുദ്ധിമുട്ടുണ്ടാക്കിയ പുരുഷന്മാരെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സൂപ്പര്‍വൈസര്‍ സ്വീകരിച്ചതെന്നും മൂര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com