ഇന്ത്യന്‍ വൈറസ് ചൈനീസ്, ഇറ്റാലിയന്‍ വൈറസിനെക്കാള്‍ മാരകം; രോഗം പടര്‍ത്തുന്നവര്‍ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍: മാപ്പ് മാറ്റിവരച്ചതിന് പിന്നാലെ കടന്നാക്രമണവുമായി നേപ്പാള്‍ പ്രധാനമന്ത്രി

ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് മാപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും രൂക്ഷ പ്രതികരണം വന്നിരിക്കുന്നത്. 
ഇന്ത്യന്‍ വൈറസ് ചൈനീസ്, ഇറ്റാലിയന്‍ വൈറസിനെക്കാള്‍ മാരകം; രോഗം പടര്‍ത്തുന്നവര്‍ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍: മാപ്പ് മാറ്റിവരച്ചതിന് പിന്നാലെ കടന്നാക്രമണവുമായി നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: ചൈനയിലും ഇറ്റലിയിലും പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെക്കാള്‍ മാരകമാണ് ഇന്ത്യയിലുള്ളതെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് മാപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും രൂക്ഷ പ്രതികരണം വന്നിരിക്കുന്നത്. 

അനധികൃത മാര്‍ഗത്തിലൂടെ ഇന്ത്യയില്‍നിന്ന് വരുന്നവരാണ് രാജ്യത്ത് വൈറസ് പടര്‍ത്തുന്നതെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. ചില പ്രാദേശിക നേതാക്കളാണ് ഇവരെ നേപ്പാളിലേക്ക് കടക്കാന്‍ സഹായിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

പുറത്തുനിന്നുള്ളവരുടെ ഒഴുക്കുമൂലം കോവിഡ് പ്രതിരോധം കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കുന്നില്ല. ഇന്ത്യയില്‍ നിന്ന് വരുന്ന ഭൂരിഭാഗം ആളുകളും വൈറസ് ബാധിതരാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 402 കോവിഡ് പോസിറ്റീവ് കേസുകളാണ് നേപ്പാളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടു മരണം മാത്രമാണ് സംഭവിച്ചത്. 

ലിംപിയാധുര, ലിപുലേക്ക്,കാലാപാനി പ്രദേശങ്ങള്‍ എന്തുവില കൊടുത്തും തിരികെപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലിംപിയാധുര, ലിപുലേക്ക്, കാലാപാനി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുതിയ മാപ്പ് നേപ്പാള്‍ കാബിനറ്റ് അംഗീകരിച്ചിരുന്നു. ടിബറ്റിലേക്കുള്ള കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് എളുപ്പവഴിയായി ഇന്ത്യ ലിപുലേക്കില്‍ റോഡ് വെട്ടി തുടങ്ങിയതോടെയാണ് നേപ്പാള്‍ തര്‍ക്കവുമായി രംഗത്ത് വന്നത്. എന്നാല്‍ റോഡ് പൂര്‍ണമായും ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍കൂടിയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

ഇന്ത്യയും നേപ്പാളും തമ്മില്‍ 1,800 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇതില്‍ ലിപുലേക്ക് ചുരത്തിന്മേലുള്ള അവകാശത്തിലാണ് നേപ്പാള്‍ കടുംപിടുത്തം നടത്തുന്നത്. ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 1816ല്‍ അന്നത്തെ നേപ്പാള്‍ രാജാവും ബ്രിട്ടീഷ് ഭരണാധികാരികളും തമ്മില്‍ ഒപ്പുവെച്ച സുഗൗലി കരാറുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നേപ്പാളിന്റെ അവകാശത്തിന്റെ ആധാരം.

സ്വാതന്ത്ര്യത്തിന് ശേഷം 1962ലെ ചൈനയുമായുള്ള യുദ്ധത്തിന് ശേഷം ഇന്ത്യ ഈ പ്രദേശങ്ങളില്‍ സ്ഥിരമായി സൈനിക വിന്യാസം നടത്തിവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com