നെവാഡയിലും ബൈഡന്റെ മുന്നേറ്റം; ഫ്ലോറിഡയിൽ ട്രംപ്; യുഎസിൽ പ്രതിഷേധ പ്രകടനങ്ങൾ

നെവാഡയിലും ബൈഡന്റെ മുന്നേറ്റം; ഫ്ലോറിഡയിൽ ട്രംപ്; യുഎസിൽ പ്രതിഷേധ പ്രകടനങ്ങൾ
നെവാഡയിലും ബൈഡന്റെ മുന്നേറ്റം; ഫ്ലോറിഡയിൽ ട്രംപ്; യുഎസിൽ പ്രതിഷേധ പ്രകടനങ്ങൾ

വാഷിങ്ടൻ: അമേരിക്കയിൽ ജോ ബൈഡൻ വിജയ സാധ്യത ഉയർത്തി മുന്നേറുന്നു. നിലവിൽ 264 ഇലക്ടറൽ വോട്ടുകളുടെ മുൻതൂക്കം ബൈഡനുണ്ട്. നിലവിലെ പ്രസിഡന്റും എതിർ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന് 214 ഇലക്ടറൽ വോട്ടുകളുടെ ലീഡാണുള്ളത്. 50.5 ശതമാനം വോട്ടുകൾ നേടി ബൈഡൻ മുന്നിൽ നിൽക്കുമ്പോൾ 47.9 ശതമാനം വോട്ടുകളാണ് ട്രംപിനുള്ളത്. 

ഏറെ നിർണായകമാകുമെന്ന് വിലയിരുത്തപ്പെട്ട നെവാഡയിൽ ഇരുവരും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചാണ്. നിലവിൽ 84 ശതമാനം വോട്ടുകൾ എണ്ണിത്തീർന്ന നെവാഡയിൽ ബൈഡനാണ് മുന്നിൽ നിൽക്കുന്നത്. ബൈഡന് 49.4 ശതമാനം വോട്ടുകളാണുള്ളത്. ട്രംപിന് 48.5 ശതമാനം വോട്ടുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

അതേസമയം ജോർജിയ, നോർത്ത് കരോളിന, പെൻസിൽവേനിയ, ഫ്‌ളോറിഡ സംസ്ഥാനങ്ങളിൽ ട്രംപ് മുന്നേറുന്നതായാണ് റിപ്പോർട്ടുകൾ. ഇതിൽ ഫ്‌ളോറിഡയിൽ വിജയം ഏതാണ്ട് ഉറപ്പിച്ച് ട്രംപ് ബഹുദൂരം മുന്നിലാണ്. അരിസോണയിൽ ബൈഡൻ വിജയം ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.

അതിനിടെ വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ ഒരോവോട്ടും എണ്ണണമെന്ന അഭിപ്രായവുമായി ബൈഡനും രം​ഗത്തെത്തി. ബൈഡന്റെ വിജയ സാധ്യത ഉയർന്നതോടെ, കോടതിയിൽ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ് പക്ഷം. ജോർജിയയിലെയും മിഷിഗണിലെയും തെരഞ്ഞെടുപ്പ് നടപടികൾ ചോദ്യം ചെയ്ത് ട്രംപ് ക്യാമ്പ് നൽകിയ പരാതികൾ കോടതി തള്ളി. ബൈഡൻ വിജയിച്ച സംസ്ഥാനങ്ങളിലെ ഫലം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. വോട്ടെണ്ണൽ നിർത്തണമെന്നു അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. 

വോട്ടെണ്ണലിന്റെ രണ്ടാം ദിവസം ട്രംപിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ വിവിധ നഗരങ്ങളിൽ പ്രകടനം നടത്തി. ഒറിഗണിലെ പോർട്‌ലൻഡിൽ പ്രതിഷേധം അക്രമാസക്തമായി. ചില സ്ഥലങ്ങളിൽ ട്രംപ് അനുകൂലികളും തെരുവിലിറങ്ങിയതോടെ സംഘർഷ സാധ്യത വർധിച്ചു. ജനങ്ങൾ ശാന്തരായിരിക്കണമെന്നു ജോ ബൈഡൻ പറഞ്ഞു.

അരിസോനയിലെ ഫീനക്സിൽ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ തോക്കുകളുമായി എത്തിയ ഇരുനൂറോളം വരുന്ന ട്രംപ് അനുകൂലികൾ ക്രമക്കേട് ആരോപിച്ചു പ്രതിഷേധമുയർത്തി. മിഷിഗനിലെ ഡെട്രോയിറ്റിൽ വോട്ടെണ്ണൽ നിർത്താനാവശ്യപ്പെട്ടു റിപ്പബ്ലിക്കൻ അനുകൂലികൾ എണ്ണൽ കേന്ദ്രത്തിൽ ഇടിച്ചു കയറാൻ ശ്രമിച്ചു. ഫിലഡൽഫിയ, ലൊസാഞ്ചലസ്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

അതേസമയം, അവസാന വോട്ടും എണ്ണണം എന്ന മുദ്രാവാക്യം ഉയർത്തി ബൈഡൻ അനുകൂലികളും തെരുവിലിറങ്ങി. പോർട്ട്ലാൻഡിൽ തെരുവിലിറങ്ങിയ ട്രംപ് വിരുദ്ധർ കടകൾക്കു നേരേ കല്ലേറു നടത്തി. 11 പേർ അറസ്റ്റിലായി. ന്യൂയോർക്ക്, ഡെൻവർ, മിനയപ്പലിസ് തുടങ്ങിയ നഗരങ്ങളിലും പ്രക്ഷോഭകർ അറസ്റ്റിലായിട്ടുണ്ട്.

പെൻസിൽവേനിയയിലും മിഷിഗനിലും വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്നും ജോർജിയയിലെ ഒരു കൗണ്ടിയിൽ വൈകിയെത്തിയ തപാൽ വോട്ടുകൾ എണ്ണരുതെന്നും ആവശ്യപ്പെട്ടു ട്രംപ് കോടതിയിലെത്തി. വൈകിയെത്തുന്ന ബാലറ്റുകൾ സ്വീകരിക്കുന്നതിനെതിരെ പെൻസിൽവേനിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഒരു ഹർജി യുഎസ് സുപ്രീം കോടതി മുൻപാകെയുണ്ട്. ഈ കേസിൽ കക്ഷിചേരാൻ ട്രംപ് അനുമതി തേടിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com