അർധരാത്രി വാനിൽ വച്ച് വൃക്കയും കരളും നീക്കും; പിന്നിൽ ഡോക്ടർമാർ ഉൾപ്പെട്ട മാഫിയാ സംഘം; ആറ് പേർ പിടിയിൽ; നടുക്കം

അർധരാത്രി വാനിൽ വച്ച് വൃക്കയും കരളും നീക്കും; പിന്നിൽ ഡോക്ടർമാർ ഉൾപ്പെട്ട മാഫിയാ സംഘം; ആറ് പേർ പിടിയിൽ; നടുക്കം
അർധരാത്രി വാനിൽ വച്ച് വൃക്കയും കരളും നീക്കും; പിന്നിൽ ഡോക്ടർമാർ ഉൾപ്പെട്ട മാഫിയാ സംഘം; ആറ് പേർ പിടിയിൽ; നടുക്കം

ബെയ്ജിങ്: അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്നവരുടെ ശരീരത്തിലെ അവയവങ്ങൾ അനധികൃതമായി നീക്കം ചെയ്ത് വിൽക്കുന്ന മാഫിയ സംഘം പിടിയിൽ. ചൈനയിലാണ് നടുക്കുന്ന സംഭവം. 2018ൽ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. സംഘത്തിലെ ഡോക്ടർമാരുൾപ്പെടെ ആറ് പേരാണ് അറസ്റ്റിലായത്.

അൻഹ്യു പ്രവിശ്യയിലെ ഹുവൈവാൻ കൗണ്ടി പീപ്പിൾസ് ആശുപത്രിയിൽ 2017നും 2018നും ഇടയിൽ 11 പേരുടെ വൃക്കയും കരളും സമ്മതമില്ലാതെ സംഘം നീക്കം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 

2018ൽ ആശുപത്രിയിൽവച്ചു മരിച്ച ഒരാളുടെ മകന് ഡോക്ടർമാരുടെ നടപടികളിൽ സംശയം തോന്നിയതിനു പിന്നാലെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനു ശേഷം ജൂലൈയിലാണ് ആറ് പേരേ അറസ്റ്റ് ചെയ്തത്. എന്നാൽ പരാതിക്കാരൻ പ്രാദേശിക മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ഇപ്പോഴാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

കാർ അപകടത്തിൽ പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിക്കുന്നവരെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ മേധാവി യാങ് സുക്സുൻ പരുക്കേറ്റയാളുടെ ബന്ധുക്കളെ സമീപിച്ച് അവയവാദാനത്തിന് സമ്മതിപ്പിക്കുകയും സമ്മതപത്രം ഒപ്പിടിവിക്കുകയുമായിരുന്നു പതിവ്.

എന്നാൽ ഈ സമ്മതപത്രങ്ങൾ വ്യാജമായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അർധ രാത്രിയിൽ‌ ആശുപത്രിയുടെ പുറത്തു പാർക്ക് ചെയ്തിരുന്ന, ആംബുലൻസെന്ന് തോന്നിപ്പിക്കുന്ന വാനിനുള്ളിൽ വച്ചാണ് രോഗികളുടെ അവയവങ്ങൾ നീക്കം ചെയ്തിരുന്നത്. ഇവ, മാഫിയ സംഘത്തിന്റെ തന്നെ ഭാഗമായിരുന്ന വ്യക്തികൾക്കും മറ്റ് ആശുപത്രികൾക്കും വിൽക്കുകയായിരുന്നു പതിവ്.

2018ൽ ഹുവൈവാൻ ആശുപത്രിയിൽ വച്ചു മരിച്ച അമ്മയുടെ അവയവ ദാനത്തിന്റെ രേഖകൾ പുനഃപരിശോധിച്ചപ്പോൾ സംശയം തോന്നിയ ഷി ചിയാങ്‌ലിനാണ് അധികൃതർക്ക് പരാതി നൽ‌കിയത്. രേഖകളിലെ പല ഭാഗങ്ങളും ശൂന്യമായിരുന്നെന്ന് ഷി പറഞ്ഞു. അവയവങ്ങൾ ദാനം ചെയ്തവരുടെ പട്ടിക സൂക്ഷിക്കുന്ന രേഖകളിൽ തന്റെ മാതാവിന്റെ പേരില്ലെന്നും ഷി കണ്ടെത്തി. ഇക്കാര്യങ്ങൾ പുറത്തു പറയാതിരിക്കാൻ തനിക്ക് വൻ തുക വാഗ്ദാനം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

2015വരെ തൂക്കിലേറ്റപ്പെട്ട കുറ്റവാളികളുടെ അവയവങ്ങളായിരുന്നു അവയവ മാറ്റത്തിന് ചൈനയിലെ ആശുപത്രികളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ കടുത്ത വിമർശനം നേരിട്ടതിനെ തുടർന്ന് അഞ്ച് വർഷം മുൻപ് ഇത് നിർത്തലാക്കി. അതിനു ശേഷം രൂപീകരിച്ച നാഷനൽ ഓർഗൻ ബാങ്ക് വഴിയാണ് ഇപ്പോൾ അവയവദാനം ഔദ്യോഗികമായി നടക്കുന്നത്. എന്നാൽ അവയവ മാഫിയ സജീവമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com